ADVERTISEMENT

തിരൂർ ∙ കടുത്ത വേനലിൽ പക്ഷികൾക്കു ദാഹമകറ്റാനുള്ള തണ്ണീർക്കുടങ്ങൾ ഇന്നു പലയിടത്തും കാണാം. എന്നാലൊരു കാലത്ത് ഇതിനുണ്ടായിരുന്നത് ഹയവാൻ ഹൗളുകളായിരുന്നു. പഴയ തലമുറയ്ക്കുണ്ടായിരുന്ന സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇവ. വീടുകളിലും പള്ളികളിലുമെല്ലാം ഇവയുണ്ടായിരുന്നു. പക്ഷികൾക്കു മാത്രമല്ല, മൃഗങ്ങൾക്കും ദാഹമകറ്റാൻ വെള്ളം നൽകിയിരുന്ന ഇവ കാലത്തിന്റെ ഒഴുക്കിനൊപ്പം മാഞ്ഞു പോയിത്തുടങ്ങി.

ഒറ്റക്കല്ലിൽ തീർത്ത പരന്ന ജലസംഭരണിയാണിത്. ചോർച്ച ഒഴിവാക്കാനായിരുന്നു ഒറ്റക്കല്ലിൽ തന്നെ ഇത് കൊത്തിയെടുത്തിരുന്നത്. സമചതുരാകൃതിയിലാണ് ഇത് നിർമിക്കുന്നത്. അഞ്ചടി നീളമുള്ള ഹൗളുകൾ വരെ ഗ്രാമങ്ങളിലുണ്ടായിരുന്നു. കല്ലിന്റെ കനത്ത ഭാരത്താൽ മണ്ണിൽ തന്നെ ഇവ ഉറപ്പിച്ചു വയ്ക്കുകയാണ് ചെയ്തിരുന്നത്. പക്ഷികളും ആടും പൂച്ചയും നായ്ക്കളും കീരികളുമെല്ലാം വേനൽ കടുത്തു തുടങ്ങിയാൽ ഹയവാൻ ഹൗളുകൾ തേടിവരും.

പള്ളികളി‍ൽ അംഗശുദ്ധി വരുത്താനുള്ള ഹൗളുകൾ പരിപാലിക്കുന്ന മുക്രികൾക്കു തന്നെയായിരുന്നു ഹയവാൻ ഹൗളുകളിലും വെള്ളം നിറച്ചു വയ്ക്കാനുള്ള ചുമതല. വീടുകളിൽ അത് മുതിർന്നവരാണ് നിർവഹിച്ചിരുന്നത്. ഇതൊരു പുണ്യ പ്രവർത്തിയായാണ് പഴയ തലമുറയിലുള്ളവർ കണ്ടിരുന്നത്. കാലം മാറി പലയിടത്തും നവീകരണങ്ങൾ വന്നു തുടങ്ങിയതോടെ ഈ ഹൗളുകൾ പറമ്പുകളിൽ നിന്ന് മാഞ്ഞു തുടങ്ങി. സ്ഥലസൗകര്യം കുറഞ്ഞതോടെ പലരും ഇത് മണ്ണിനടിയിൽ കുഴിച്ചിട്ടു.

ഹയവാൻ ഹൗൾ എന്നത് അറബി വാക്കാണ്. ഹയവാൻ എന്നാൽ മൃഗമെന്നും ഹൗൾ എന്നാൽ ജലസംഭരണിയെന്നുമാണ് അർഥമാക്കുന്നത്. പലതരം ജീവജാലങ്ങൾ ഒരുമിച്ചു കൂടി ദാഹമകറ്റുന്ന സ്നേഹക്കാഴ്ചയാണ് ഇവ നൽകിയിരുന്നത്. ഇവ പുനഃസ്ഥാപിച്ച് പഴയ തലമുറയുടെ ഈ നല്ലപാഠം പുതുതലമുറയ്ക്ക് പകരാൻ ചില സന്നദ്ധ സംഘടനകൾ ഒരുങ്ങുന്നുണ്ട്. 

കൂട്ടായിയിലെ ഫോട്ടോഗ്രഫർ അൻവർ കൂട്ടായിയുടെ ചിത്രശേഖരങ്ങളിൽ ഇത്തരം ഹൗളുകളുടെ ചിത്രങ്ങൾ ഇപ്പോഴുമുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com