ADVERTISEMENT

അങ്ങാടിപ്പുറം∙ ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും പൂർണതയിൽ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനു പരിസമാപ്തി. 11 ദിനരാത്രങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് തിരുമാന്ധാംകുന്നിലെത്തിയത്. അനുബന്ധ പൂരം എഴുന്നള്ളത്തുകളോടെയാണ് പതിനൊന്നാം പൂരം കൊടിയിറങ്ങിയത്. ഗജവീരന്മാരും നാടൻകലാരൂപങ്ങളും വാദ്യമേളങ്ങളും കോമരങ്ങളും ആഘോഷത്തിന് അണിനിരന്നു. 

കീഴേടം വേട്ടേക്കരൻ കാവിൽനിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽനിന്നും ഗജവീരന്മാരുടെ അകമ്പടിയോ‌ടും മേളത്തോടും കൂടി മുതുവറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. വിവിധ ദേശങ്ങളിൽനിന്നെത്തിയ എഴുന്നള്ളത്തുകൾ സംഗമിച്ച് ഇവിടെനിന്ന് തളി ക്ഷേത്രത്തിലേക്കും അവിടെനിന്ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കും പഞ്ചവാദ്യത്തോടെ കൂട്ടിഎഴുന്നള്ളത്ത് നടന്നു. ഇതേ സമയം വടക്കേ നടയിൽ പൂതങ്ങളും ആണ്ടിപ്പൂതങ്ങളും ഭഗവതിയെ കുമ്പിട്ടു മടങ്ങി. ദേവസ്വം പ്രതിനിധി, മലയൻകുട്ടിയുമായി ആചാരപ്രകാരം പൂരപ്പറമ്പിൽ ഇന്ന് പുലർച്ചെ കൂടിക്കാഴ്‌ച ന‌ടത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ പൂര സമാപനമായി. ഇന്നലെ ക്ഷേത്രമുറ്റത്ത് പഞ്ചവാദ്യത്തോടു കൂടി കാഴ്ചശീവേലി നടന്നു. 

പള്ളിവേട്ട കഴിഞ്ഞ് നിദ്രയിലാണ്ട ഭഗവതിയെ പശുക്കുട്ടിയുടെ പാദസ്‌പർശമേറ്റ് പള്ളിക്കുറുപ്പുണർത്തൽ ചടങ്ങോടെയായിരുന്നു ഇന്നലെ പൂരത്തുടക്കം. നവധാന്യ മുളകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്‌തു. മട്ടന്നൂർ ശ്രീകാന്തും ശ്രീരാജും ചേർന്നൊരുക്കിയ ഡബിൾ തായമ്പക, കല്ലൂർ സന്തോഷും സംഘവും ഒരുക്കിയ പഞ്ചമദ്ദളകേളി, തൃത്താല ശ്രീനിയുടെ തായമ്പക എന്നിവയുണ്ടായിരുന്നു. 

പെരിന്തൽമണ്ണ ആതിരയും സംഘവും ഒരുക്കിയ ഭരതനാട്യം, ചെരയ്‌ക്കാപറമ്പ് അയ്യപ്പൻവിളക്ക് സംഘത്തിന്റെ അയ്യപ്പൻപാട്ട്,ബ്രാഹ്‌മണസമൂഹത്തിന്റെ ഭജന, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, കൊമ്പുപറ്റ് എന്നിവ നടന്നു. രാത്രിയിൽ ഭഗവതിയുടെ 21–ാമത്തെ ആറാട്ടെഴുന്നള്ളിപ്പിന്റെ ഭാഗമായി അനുഗ്രഹം നേടാൻ ഭക്തജനത്തിരക്കുണ്ടായിരുന്നു. കൊട്ടിക്കയറി 21 പ്രദക്ഷിണത്തിനു ശേഷം 25 കലശമാടി അത്താഴപൂജ നടന്നു. ഇന്ന് പൂരപ്പറമ്പിൽ പൂരസമാപനമറിയിച്ച് ചവിട്ടുകളി ആവേശമുയർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com