ബൈക്കിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ അത്തർ കടയിലേക്ക് ഇടിച്ചുകയറി

Mail This Article
എടപ്പാൾ ∙ സംസ്ഥാന പാതയിലെ മാന്തടത്ത് ബൈക്കിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ റോഡരികിലെ അത്തർ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ കുറ്റിപ്പുറം സ്വദേശി ആബിദിനെ (22) തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും, കുറ്റിപ്പുറം സ്വദേശി റംഷാദ് (23), കാർ ഡ്രൈവർ തൃശൂർ സ്വദേശി ഉല്ലാസ് (22) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ടയർ പൊട്ടിയ കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിലെ അത്തർ കടയിലേക്ക് കയറി നിൽകുകയായിരുന്നു. കടയിലെ ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകത്തിൽപെട്ട ബൈക്ക് ഇടിച്ച് പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു.