അന്ന് കടൽ കാണാനായില്ല; ഇനി ആകാശത്തിലൂടെ പറക്കും

Mail This Article
പുറത്തൂർ ∙ ‘വർഷങ്ങൾക്കു മുൻപ് ഈ സ്കൂളിൽ പഠിക്കുന്ന സമയത്ത് കുട്ടികളെ കടൽ കാണിക്കാൻ കൊണ്ടുപോയിരുന്നു. അതിനു 10 പൈസ നൽകണമായിരുന്നു. എന്നാൽ അന്ന് അത്രയും പൈസയില്ലാത്തതു കൊണ്ട് കടൽ കാണാൻ സാധിച്ചില്ല’. വർഷങ്ങൾക്കിപ്പുറം അതേ സ്കൂൾ, വിമാനത്തിൽ കയറിപ്പറക്കാനുള്ള അവസരം നൽകിയപ്പോൾ ഒരു മുത്തച്ഛൻ പറഞ്ഞതാണിത്.
പുറത്തൂർ ഗവ. യുപി സ്കൂളാണ് വിദ്യാർഥികളുടെ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും വിമാനത്തിൽ പറക്കാനുള്ള അവസരമൊരുക്കുന്നത്. 10 പേരെയാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. മാർച്ച് 30ന് സംഘം എറണാകുളത്തെത്തും. ഇവിടെ സമയം ചെലവഴിച്ച ശേഷം നെടുമ്പാശ്ശേരിയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഇവർ പറക്കും. അന്ന് കണ്ണൂരിൽ താമസിച്ച് പിറ്റേന്ന് ട്രെയിൻ മാർഗം നാട്ടിലേക്കു മടങ്ങും. സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ സി.പി.കുഞ്ഞിമൂസയാണ് വിമാനയാത്ര സ്പോൺസർ ചെയ്തത്.
ടിക്കറ്റ് വിതരണം ഇന്നലെ പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ.ശ്രീനിവാസൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു. കെ.ഉമ്മർ ആധ്യക്ഷ്യം വഹിച്ചു. പി.വി.സുഭാഷ്, ടി.പി.മുസ്തഫ, എ.പി.ഉണ്ണിക്കൃഷ്ണൻ, ഷാജി കുമ്മിൽ എന്നിവർ പ്രസംഗിച്ചു.