മാവോയിസ്റ്റ് ടി.കെ.രാജീവിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനാപകടം
Mail This Article
തിരൂരങ്ങാടി∙ വിയ്യൂർ ജയിലിൽനിന്നു മാവോയിസ്റ്റ് കേസിലെ പ്രതിയെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനവ്യൂഹം അപകടത്തിൽപെട്ടു. 2 പൊലീസുകാർക്കു പരുക്ക്. മാവോയിസ്റ്റ് ടി.കെ.രാജീവിനെ കൽപറ്റ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ദേശീയപാതയിൽ എആർ നഗർ അരീത്തോട്ടാണ് അപകടം. പരുക്കേറ്റ തൃശൂർ എആർ ക്യാംപിലെ പൊലീസുകാരായ തൃശൂർ സ്വദേശി ആന്റണി ജിതിൻ (30), ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു (33) എന്നിവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
ഇന്നലെ രാവിലെ 9ന് ആണ് സംഭവം. പ്രതിയുമായി എത്തിയ ക്ഷേത്രം, എരുമപ്പെട്ടി, പേരമംഗലം, തിരൂരങ്ങാടി സ്റ്റേഷനുകളിലെ വാഹനങ്ങളും കാറുമാണ് അപകടത്തിൽപെട്ടത്. ദേശീയപാത സർവീസ് റോഡിൽ അരീത്തോട്ട്, കൊയ്ത്തുമെതിയന്ത്രം വാഹനത്തിൽ കാർ തട്ടിയതിനെത്തുടർന്നാണ് അപകടം.പിന്നിലുണ്ടായിരുന്ന 4 പൊലീസ് വാഹനങ്ങളും കാറിൽ ഇടിക്കുകയായിരുന്നു. പ്രതിയെ മറ്റൊരു വാഹനത്തിൽ കൽപറ്റയിലേക്ക് കൊണ്ടുപോയി.