ADVERTISEMENT

മഞ്ചേരി ∙ പൂക്കോട്ടൂർ അറവങ്കരയിൽ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി 19.50 ലക്ഷം രൂപ കവർന്ന കേസിലെ 5 പേർ അറസ്റ്റിൽ. പ്രതികൾ സഞ്ചരിച്ച 2 കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുൾപ്പെട്ട കണ്ണൂർ സ്വദേശികളായ 4 പേരെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചു.കോഴിക്കോട് കക്കോടി മക്കട കുഴിയിൽ പുത്തലത്ത് അജ്മൽ(47), മക്കട ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തൽ ജിഷ്ണു (24), എലത്തൂർ പുതിയ നിരത്ത് എലത്തുകാട്ടിൽ ഇ.കെ.ഷിജു(45)എന്നിവരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കണ്ണൂർ കേളകം പീടിക ജിഷ്ണു(24), തൃശൂർ കോടാലി സുജിത്(37) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.

മധുര കാമരാജ് ശാല അഴകർ നഗറിലെ ആർ. ബാലസുബ്രഹ്മണ്യനാണ് പരാതിക്കാരൻ. സുഹൃത്ത് ഗോപാലകൃഷ്ണനൊപ്പം കഴിഞ്ഞ 16ന് രാവിലെ 5.15ന് സ്വർണം വാങ്ങാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. ബസ് ഇറങ്ങി നടന്നു പോകുമ്പോൾ കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

പൊലീസ് പറയുന്നത്: തമിഴ്നാട് സ്വദേശി ബിസിനസിന്റെ ഭാഗമായി സ്വർണം വാങ്ങാൻ വരുന്നത് സംബന്ധിച്ച് അജ്മലിന് വിവരം ലഭിച്ചിരുന്നു. സുഹൃത്ത് ജിഷ്ണുവിനെ ഇക്കാര്യം അറിയിക്കുകയും പണം തട്ടാൻ പറ്റിയ ആളുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. ജിഷ്ണു സുഹൃത്ത് ഷിജുവുമായി ചർച്ച ചെയ്ത് കണ്ണൂരിലെ 4 അംഗ സംഘത്തെ ഏർപ്പാടാക്കി. അജ്മലും ജിഷ്ണുവും ഒരു കാറിലും കണ്ണൂരിലെ സംഘം മറ്റൊരു കാറിലും സ്ഥലത്തെത്തി.

ബാലസുബ്രഹ്മണ്യൻ ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയ വിവരം സംഘത്തിനു അജ്മൽ കൈമാറുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് അജ്മലും ജിഷ്ണുവും കോഴിക്കോട്ടേക്കും മറ്റ് പ്രതികൾ അരീക്കോട് മുക്കം വഴി തലശ്ശേരിയിലേക്കും കടന്നു. അജ്മൽ പണത്തിൽ നിന്ന് 4 ലക്ഷം രൂപ വാങ്ങി.

കാറിന്റെ സൂചനതുണയായി
9 പ്രതികളിൽ 5 പ്രതികളെ പിടികൂടാനായത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. പിറ്റേ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ കെ.എം.ബിനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. പൂക്കോട്ടൂരിലെയും പരിസരത്തെയും സിസിടിവി പരിശോധിച്ചു. കടന്നുകളഞ്ഞ കാറിനെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം.

സഹായിച്ചവരെ ആദ്യം പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെ മറ്റുള്ളവരുടെ വിവരം ലഭിച്ചു. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെയും ഡിവൈഎസ്പി ടി.മനോജിന്റെയും നിർദേശ പ്രകാരം ഇൻസ്പെക്ടർ കെ. ബിനീഷിന്റെ മേൽനോട്ടത്തിൽ എസ്ഐ ബസന്ത് ആണ് കേസ് അന്വേഷിക്കുന്നത്. എസ്ഐമാരായ അശോകൻ, ബാലമുരുകൻ, സീനിയർ സിപിഒ അനീഷ് ചാക്കോ, സ്ക്വാഡ് അംഗങ്ങളായ റിയാസ്, ഐ.കെ.ദിനേശ്, മുഹമ്മദ് സലീം, കെ.കെ.ജസീർ ഷഹേഷ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com