ADVERTISEMENT

ഊരകം ∙ ആയിരങ്ങൾ ചെലവിട്ട് വിശേഷ ദിനങ്ങളിൽ വസ്ത്രങ്ങൾ വാങ്ങാനാകാത്തവർക്ക് ആശ്വാസത്തിന്റെ കരുതൽക്കരങ്ങൾ നീട്ടുകയാണ് ഈ പെൺ കൂട്ടായ്മ. ഊരകം റാഹ റിലീഫ് സെൽ പ്രവർത്തകർ.വിവാഹ ദിനത്തിൽ പുതുമണവാട്ടിയെ അണിയിച്ചൊരുക്കാൻ ഒരുക്കുന്ന വിവാഹ വസ്ത്രങ്ങൾ പലപ്പോഴും പുനരുപയോഗിക്കുന്നില്ല. വീടുകളിൽ നിന്ന് റാഹയുടെ വനിത വൊളന്റിയർമാർ ഇത് ശേഖരിച്ച് അടുക്കി വയ്ക്കുന്നതോടെ മറ്റൊരു മണവാട്ടിക്ക് നിറമുള്ള സ്വപ്നങ്ങൾ നെയ്ത് തുടങ്ങാം.

എല്ലാ മാസവും 23 ന് ഊരകം കുന്നത്തെ കെ.കെ.പൂക്കോയതങ്ങൾ സ്മാരക സൗധത്തിലെ ഓഫിസിലാണ് വനിതാ ലീഗ് പ്രവർത്തകർ നേതൃത്വം നൽകുന്ന റാഹ പ്രവർത്തകർ വിഭവങ്ങൾ ശേഖരിക്കുന്നത്. ഇവിടെ റജിസ്റ്റർ ചെയ്തവർക്ക് സാധനങ്ങൾ നൽകുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. വയോധികർ, കിടപ്പുരോഗികൾ എന്നിവരുടെ ആരോഗ്യ പരിപാലനത്തിനായി വാങ്ങുന്ന മെഡിക്കൽ ഉപകരണങ്ങളും ശേഖരിച്ച് ആവശ്യക്കാർക്ക് നൽകുന്നുണ്ട്.

വീൽചെയർ, ചെറു യന്ത്രങ്ങൾ , വാട്ടർ ബെഡുകൾ,  ഇന്റീരിയർ ഡിസൈനിൽ മാറ്റം വരുത്തുന്നതിനിടെ  ഒഴിവാക്കപ്പെടുന്ന ഫർണിച്ചർ,  ബിഎൽഡിസിയിലേക്ക് മാറുമ്പോൾ അഴിച്ചു മാറ്റുന്ന ഫാനുകൾ, ഫ്രിജ്, മിക്സി, ബെഡ്, കട്ടിൽ, ഷോക്കേസുകൾ, പാത്രങ്ങൾ, മോട്ടർ പമ്പുകൾ, ഇലക്ടോണിക്സ് ഉപകരണങ്ങൾ, തയ്യൽ മെഷീനുകൾ, ലൈറ്റുകൾ ,  കുട്ടി സൈക്കിളുകൾ, കളിക്കോപ്പുകൾ തുടങ്ങി വീട്ടിലെ മൂലയിൽ ഒതുക്കുന്ന നിരവധി വസ്തുക്കളാണ് ഇവർ ശേഖരിച്ച് ആവശ്യമുള്ള സാധാരണക്കാർക്ക് ഇവർ നൽകുന്നത്. 

വിവാഹ വസ്ത്രങ്ങൾ ആവശ്യം കഴിഞ്ഞ് തിരികെയെത്തിക്കണം. ബാക്കിയെല്ലാം സൗജന്യമായാണ് നൽകുന്നത്. റിലീഫ് സെല്ലിന് വസ്തുക്കൾ കൈമാറാൻ ആഗ്രഹിക്കുന്നവർ വിവരമറിയിച്ചാൽ റാഹ പ്രവർത്തകർ വീട്ടിലെത്തി ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് വനിതാ ലീഗ് നേതാക്കളായ പി.കെ.സൗദ, വി.കെ.മൈമൂനത്ത്, സലീന പരി, ജംഷീന പാങ്ങാട്ട്, ഷക്കീല അത്തോളി എന്നിവരാണ്‌ റിലീഫ് സെല്ലിന് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com