ADVERTISEMENT

തിരൂർ ∙ ആടുജീവിതവും അതിലെ നജീബും ഏവരുടെയും മനസ്സിൽ ഇടംപിടിക്കുമ്പോൾ അക്കഥയിലെ ഒരു കഥാപാത്രമുണ്ടിവിടെ. ആടുജീവിതത്തിൽനിന്ന് ഓടിയെത്തിയ നജീബിന് രക്ഷകനായ കുഞ്ഞാക്ക, തിരൂർ നിറമരുതൂർ പത്തംപാട് അരങ്കത്തിൽ കുഞ്ഞുമുഹമ്മദ്. റിയാദ് ബത്ഹയിലെ യമനി ഗല്ലിയിൽ മലബാർ റസ്റ്ററന്റ് നടത്തുകയായിരുന്നു അന്ന് കുഞ്ഞുമുഹമ്മദ്. കൂടെ ജീവകാരുണ്യ പ്രവർത്തനവുമുണ്ട്.

ഇതിനിടെയാണ് ഒരു ദിവസം കുഞ്ഞാക്ക നജീബിനെ കണ്ടുമുട്ടുന്നത്. മെലിഞ്ഞൊട്ടിയ ശരീരവും നീണ്ടുവളർന്ന് ജട പിടിച്ച മുടിയും താടിയും ദേഹമാകെ മുറിവുകളും മുറിപ്പാടുകളുമായി ഒരു രൂപം. മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഊരും പേരുമെല്ലാം അവ്യക്തമായി പറഞ്ഞു. മലയാളിയാണെന്നു തിരിച്ചറിഞ്ഞതോടെ കഴിക്കാൻ ഭക്ഷണവും കിടക്കാൻ മുറിയും നൽകിയെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. പിന്നെ കുളിപ്പിച്ച് വൃത്തിയാക്കി.

കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ആടുമേക്കൽ ജോലിയിലായിരുന്നെന്നും രക്ഷപ്പെട്ട് എത്തിയതാണെന്നും മനസ്സിലായത്. പിന്നീട് 20 ദിവസത്തോളം കൂടെ താമസിപ്പിച്ചു. നാട്ടിലേക്കു തിരിച്ചുപോകാൻ പൊലീസിൽ കീഴടങ്ങാൻ പറഞ്ഞതും ഇദ്ദേഹമാണ്. ജയിലിലേക്കു പോയ ശേഷം പിന്നീട് നജീബിനെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്.

1991ല് ആണ് ഇദ്ദേഹം പ്രവാസിയാകുന്നത്. ചില കമ്പനികളിലെല്ലാം ജോലി ചെയ്ത ശേഷമാണ് മലബാർ റസ്റ്ററന്റിന്റെ നടത്തിപ്പുകാരനാകുന്നത്. ഈ സമയം പലരെയും സഹായിച്ചിട്ടുണ്ട്. അതിലൊരാൾ മാത്രമാണ് നജീബും. സിനിമ ഇറങ്ങിയശേഷം കൂടുതൽ പേർ വിവരങ്ങൾ ചോദിച്ചെത്തുന്നുണ്ട്. നോമ്പുകാലം കഴിഞ്ഞ ശേഷം സിനിമ കാണുമെന്നാണ് ഇദ്ദേഹം പറയുന്നത്. നജീബിനെ നേരിട്ടു കാണാനും കുഞ്ഞുമുഹമ്മദിന് ആഗ്രഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com