കന്നിയാത്ര കാരുണ്യയാത്രയാക്കി ടീപീസ് ബസ്

Mail This Article
മലപ്പുറം ∙ പുതിയ ബസിന്റെ കന്നിയോട്ടത്തിലെ കലക്‌ഷൻ 10 നാൾ മുൻപു മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിനായി മാറ്റിവച്ച് സ്വകാര്യ ബസ് ഉടമ. ജീവനക്കാർ അവരുടെ വേതനവും മാറ്റിവച്ചതോടെ, സഹായവുമായി മറ്റു ബസുകളിലെ ജീവനക്കാരും യാത്രക്കാരും മറ്റു സുമനസ്സുകളുമെത്തി. മഞ്ചേരി –കോഴിക്കോട് റൂട്ടിൽ ഓടുന്ന ടീപീസ് ബസ് ആണ് ആദ്യ ദിനം കാരുണ്യയാത്ര നടത്തിയത്.
ഐക്കരപ്പടി സ്വദേശി പൈക്കാരത്തടി അഷ്റഫിന്റെ (ബാവു–39) കുടുംബത്തിനു വേണ്ടിയായിരുന്നു യാത്ര. ഉള്ളിയേരിയിൽ വച്ച് കഴിഞ്ഞ 23ന് ആണ് അഷ്റഫ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. ഭാര്യയും 2 മക്കളുമുള്ള അഷ്റഫ് സ്വന്തം വീടെന്ന സ്വപ്നം ബാക്കിവച്ചാണ് യാത്രയായത്. പുളിക്കൽ വലിയപറമ്പിൽ നജീബിന്റെ (ടീപീസ് കുഞ്ഞ) ഉടമസ്ഥയിലുള്ള ടീപീസ് ബസിൽ 12 വർഷമായി ജീവനക്കാരനായിരുന്നു അഷ്റഫ്. റൂട്ടിലെ സ്ഥിരം യാത്രക്കാർക്കും നാട്ടുകാർക്കും പരിചിതൻ. അതുകൊണ്ടു തന്നെ പുതിയ ബസ് വാങ്ങി ഇന്നലെ ആദ്യ യാത്രയ്ക്കൊരുങ്ങിയപ്പോൾ അത് അഷ്റഫിനു വേണ്ടിയാകട്ടെയെന്ന് ഉടമയും ജീവനക്കാരും തീരുമാനിക്കുകയായിരുന്നു.
ബസിനു മുന്നിൽ കാരുണ്യയാത്ര ബാനർ കണ്ട് കയറിയവർ കയ്യയച്ച് സഹായിച്ചു. ബസിന് അഷ്റഫിന്റെ നാടായ ഐക്കരപ്പടിയിൽ നാട്ടുകാർ സ്വീകരണവും ഒരുക്കി.