മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും പുറത്തൂർ സ്കൂളിന്റെ വിനോദയാത്ര

Mail This Article
തിരൂർ ∙ ആകാശത്തും വെള്ളത്തിലും കരയിലുമെല്ലാമൊന്നു ചുറ്റിയടിച്ച് മുത്തച്ഛന്മാരും മുത്തശ്ശിമാരും തിരിച്ചെത്തി. പുറത്തൂർ ഗവ. യുപി സ്കൂളാണ് വിദ്യാർഥികളുടെ മുത്തശ്ശീമുത്തച്ഛന്മാർക്ക് വിമാനത്തിൽ അടക്കമുള്ള യാത്ര ഒരുക്കിയത്. 77 വയസ്സു വരെയുള്ള പത്തംഗ സംഘമാണ് യാത്ര നടത്തിയത്. 30ന് ആയിരുന്നു
യാത്രയുടെ തുടക്കം. ട്രെയിൻ കയറി സംഘം ആദ്യം എറണാകുളത്തെത്തി. ഇവിടെ മെട്രോ ട്രെയിനിലും വാട്ടർ മെട്രോയിലും കറങ്ങി. എറണാകുളത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം നെടുമ്പാശ്ശേരിയിലെത്തി. ഇവിടെനിന്ന് കണ്ണൂരിലേക്കു പറന്നു. ഒരു ദിവസം കണ്ണൂരിൽ താമസിച്ച ശേഷം ട്രെയിൻ കയറി തിരിച്ച് തിരൂരിലെത്തി.
സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ സി.പി.കുഞ്ഞിമൂസയാണ് ആശയം നിർദേശിച്ചതും വിമാനയാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്നേറ്റതും. പിടിഎ കമ്മിറ്റി മറ്റു ചെലവുകളും ഏറ്റെടുത്തപ്പോൾ യാത്ര ഭംഗിയായി നടന്നു. തിരിച്ചെത്തിയ മുത്തശ്ശിമാർക്കും മുത്തച്ഛന്മാർക്കും റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണമുണ്ടായിരുന്നു.
മധുര പലഹാരപ്പൊതി നൽകിയതോടെ ഈസ്റ്റർ മധുരവുമായി. കെ.ഉമ്മർ, എ.വി.ഉണ്ണിക്കൃഷ്ണൻ, കെ.ഷുഹൈബ്, പി.മുസ്തഫ, എ.ആബിദ്, പി.പി.സഹദേവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം..അധ്യാപകനായ സുഭാഷ് ചമ്രവട്ടം, ഷാജി കുമ്മിൽ എന്നിവരാണ് യാത്രയ്ക്ക് ഇവരുടെ കൂടെയുണ്ടായിരുന്നത്.
മുൻപ് ഈ വിദ്യാലയം പ്രധാനാധ്യാപികയ്ക്ക് കുടുംബസമേതവും പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവരുൾപ്പെട്ട സംഘത്തിനും വിദേശയാത്ര നൽകിയിരുന്നു. സ്കൂളിലെ നവരത്ന പദ്ധതിയുടെ ഭാഗമായി 20 കുട്ടികളെയും 2 തവണയായി വിമാനയാത്രയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.