അഗ്നിരക്ഷാ നിലയത്തിൽ ഇനി വനിതാ സേനാംഗങ്ങളും

Mail This Article
മലപ്പുറം ∙ ജില്ലാ ആസ്ഥാനത്തെ അഗ്നിരക്ഷാ നിലയത്തിൽ ഇനി വനിതാ സേനാംഗങ്ങളും. സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബാച്ചിലെ 5 പേരാണ് മലപ്പുറം നിലയത്തിന്റെ ഭാഗമായത്. എല്ലാ ജില്ലാ അഗ്നിരക്ഷാ നിലയങ്ങളിലും വനിതാ അംഗങ്ങളെ നിയമിക്കുന്നതിന്റെ ഭാഗമായാണിത്.
നിലമ്പൂർ സ്വദേശിനി എസ്.അനു, അരീക്കോട് സ്വദേശിനി എം.അനുശ്രീ, മൂന്നിയൂർ സ്വദേശിനി പി.പി.വിജി, വേങ്ങര സ്വദേശിനി ടി.പി. ഹരിത, എടക്കര പാലേമാട് സ്വദേശിനി ശ്രുതി പി.രാജു എന്നിവരാണ് മലപ്പുറത്തെത്തിയ വനിതാ അംഗങ്ങൾ. വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ 6 മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ മലപ്പുറത്തെത്തിയത്. ഫയർ ഫൈറ്റിങ്, സ്‌കൂബാ ഡൈവിങ്, നീന്തൽ, റോപ് റെസ്ക്യൂ എന്നിവയിൽ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഇനി 6 മാസം ഇവർക്ക് നിലയ പരിശീലനമാണ്. തുടർന്ന് ഇവിടെത്തന്നെ നിയമനം ലഭിക്കും.