ADVERTISEMENT

തിരൂർ ∙ വാർ റൂമുകളിലിരുന്ന് തയാറാക്കുന്ന പോസ്റ്റർ സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്തുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാലമാണ്. എഐ സാങ്കേതികവിദ്യ പോലും ഉപയോഗപ്പെടുത്തുണ്ട്. എന്നാൽ കാലമിത്ര പിന്നിട്ടിട്ടും ചുമരെഴുത്ത് തന്നെയാണ് മുന്നണികളുടെ പ്രചാരണ രീതിയുടെ വജ്രായുധം. 

ആദ്യം ഫ്ലെക്സ് ബോർഡുകളും പിന്നീട് സമൂഹ മാധ്യമങ്ങളും കടന്നു വന്നപ്പോഴെല്ലാം അവസാനിച്ചെന്നു കരുതിയ ചുമരെഴുത്ത് തിരഞ്ഞെടുപ്പു കാലമായതോടെ സജീവമായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകളേക്കാൾ ഇപ്പോഴും വോട്ടർമാരെ ആകർഷിക്കാൻ സാധിക്കുന്നത് ചുമരെഴുത്തിനു തന്നെയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടു തന്നെയാണ് മുന്നണികൾ ഈ രീതി പിന്തുടരുന്നതും.

മുൻപ് കുമ്മായം കൊണ്ട് വെളുപ്പിച്ചെടുത്ത ചുമരിലായിരുന്നു വോട്ടഭ്യർഥനയും ചിഹ്നം വരച്ചു ചേർക്കലുമെല്ലാം ചെയ്തിരുന്നത്. ഇന്ന് വാട്ടർ എമൽഷനാണ് ഉപയോഗിക്കുന്നതെന്ന മാറ്റമുണ്ട്. നിറങ്ങളുടെ തെളിച്ചം കൂടുന്നതാണ് കാരണം. വിവിധ സ്റ്റെയിനറുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ‍തിരഞ്ഞെടുപ്പ് വരുന്നതോടെ ഈ ജോലി ചെയ്യുന്നവർക്കും ഡിമാൻഡാണ്. എല്ലാ മുന്നണികൾക്കും ചിത്രം വരച്ചു നൽകുന്ന തൃപ്രങ്ങോട് ആനപ്പടിയിലെ രചന ബഷീറും ഏറെ തിരക്കിലാണ്. 

25 വർഷത്തിലേറെയായി ബഷീർ ഈ രംഗത്തുണ്ട്. വരയ്ക്കാനുള്ള കഴിവ് സ്വയം പഠിച്ചെടുത്തതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് പണി കൂടുതൽ ലഭിക്കുകയെന്ന് ബഷീർ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും തിരക്കുണ്ടാകും. കാലം മാറിയതോടെ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനു പണിയുണ്ടാകില്ലെന്നു കരുതിയതാണ്. എന്നാൽ പലയിടത്തേക്കും ചുമരെഴുത്തിനായി വിളി വരുന്നതായി ബഷീർ പറയുന്നു. തിരക്കേറിയതിനാൽ എല്ലായിടത്തും എത്താൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ബഷീർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com