കാട്ടുതീ നിയന്ത്രിക്കാനാകുന്നില്ല; താൽക്കാലിക വാച്ചർമാരെ വനം വകുപ്പ് പിരിച്ചുവിടില്ല
Mail This Article
എടക്കര ∙ കാട് കത്തുന്ന സാഹചര്യത്തിൽ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടൽ നടപടി തൽക്കാലത്തേക്ക് വേണ്ടെന്ന നിലപാടെടുത്ത് വനം വകുപ്പ്. കാട്ടുതീ കൂടുതലുണ്ടായ വഴിക്കടവ് റേഞ്ചിനു കീഴിലെ വാച്ചർമാരോട് ജോലിയിൽ തുടരാൻ റേഞ്ച് ഫോസ്റ്റ് ഓഫിസർ നിർദേശം നൽകി. മറ്റു റേഞ്ചുകളിലെ വിവിധ സ്റ്റേഷനുകളിൽനിന്നു വാച്ചർമാരുടെ ജോലി നീട്ടികിട്ടുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്.
കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് എന്നീ 2 മാസത്തേക്കായിരുന്നു താൽക്കാലിക വാച്ചർമാരെ നിയോഗിച്ചത്. വഴിക്കടവ് റേഞ്ചിനു കീഴിലെ കരിയംമുരിയം, മുണ്ടേരി, നെല്ലിക്കുത്ത് വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹെക്ടർ കണക്കിന് കാടാണ് കത്തിനശിച്ചത്. കരിയംമുരിയം വനത്തിലുണ്ടായ കാട്ടുതീ ഒരാഴ്ച കഴിഞ്ഞിട്ടും പൂർണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.
പകൽ മുഴുവൻ വനപാലകരും വാച്ചർമാരും അടങ്ങുന്ന സംഘം തീ അണയ്ക്കുന്ന ജോലിയിലാണ്. കനത്ത ചൂട‌് പ്രതിരോധ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കാട്ടിൽ അതിക്രമിച്ച് കടന്ന് കരുതിക്കൂട്ടി തീയിടുന്നതാണെന്ന സംശയത്തിലാണ് വനപാലകർ. ആൾ സഞ്ചാരമില്ലാത്ത സ്ഥലങ്ങളിലാണ് തീ കത്തിപ്പടർന്നത്. ഇതു സംബന്ധിച്ച് വനപാലകർ അന്വേഷണം ആരംഭിച്ചു.