ADVERTISEMENT

പൊന്നാനി ∙ മലബാറിന്റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിക്ക് അഞ്ഞൂറോളം വർഷം മുൻപ് ഈജിപ്തുമായുണ്ടായ ബന്ധത്തിൽ പിറന്നൊരു പള്ളി. അവിടെ വീണ്ടും വിശ്വാസികൾ കൂട്ടമായെത്തിയൊരു റമസാനായിരുന്നു ഇത്തവണ. പൊന്നാനി മിസ്‌രിപ്പള്ളിയുടെ കഥയാണിത്. സർക്കാർ കഴിഞ്ഞ ജൂണിൽ പള്ളി പൈതൃക ഭവനമായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ വ്രതകാലം ആത്മീയാവേശത്തോടെയാണ് പൊന്നാനിക്കാർ ഏറ്റെടുത്തത്. ജുമുഅ നടക്കാറില്ലെങ്കിലും നമസ്കാരത്തിനും ഇഅ്തികാഫിനുമടക്കം എത്തിയവർ ചരിത്രത്തിലേക്കുള്ളൊരു കണ്ണി ഉറപ്പിച്ചു നിർത്തുകയാണിവിടെ.

മിസ്‌രിപ്പള്ളിയുടെ കഥ
നമ്മുടെ നാട് രക്ഷിക്കാനെത്തിയ വിദേശ സൈനികരുടെ ഓർമ പുതുക്കുന്ന പുണ്യഗേഹമാണ് മിസ്‌രിപ്പള്ളിയെന്ന് ചരിത്രകാരനായ ടി.വി.അബ്ദുറഹ്മാൻ കുട്ടി പറയുന്നു. ഈജിപ്തിനെ വിളിക്കുന്ന അറബി പേരാണ് മിസ്ർ. പതിനാറാം നൂറ്റാണ്ടിൽ സാമൂതിരിയുടെ നിർദേശ പ്രകാരം സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പോർച്ചുഗീസുകാരെ പ്രതിരോധിക്കാൻ സഹായമാവശ്യപ്പെട്ട് വിവിധ അറബ് രാജ്യങ്ങളിലേക്ക് കത്തുകളയച്ചിരുന്നു.

ഈജിപ്തിലേക്കും കത്തു പോയിരുന്നു. അതേത്തുടർന്ന് ഈജിപ്തിൽ നിന്ന് സാമൂതിരിയെ സഹായിക്കാൻ നാവിക സൈന്യം എത്തി. അവർക്ക് പ്രാർഥനയും മറ്റും നിർവഹിക്കാൻ പൊന്നാനിയിൽ നിർമിച്ച പള്ളിയാണിത്. സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാർ വടകര കോട്ടയ്ക്കലിൽ നിർമിച്ച പള്ളിയുടെ സമാന ശിൽപചാരുതയാണ് ഈ പള്ളിക്കുമുള്ളത്.

അന്നെത്തിയ ഈജിപ്ഷ്യൻ സൈനികരിൽ ചിലർ പോർച്ചുഗീസുകാർക്കെതിരായ യുദ്ധത്തിൽ മരിക്കുകയും ചെയ്തു. അതിൽ പ്രധാനിയായ അലിയ്യുൽ മിസ്‌രി ഇപ്പോഴും പൊന്നാനി തെരുവത്ത് പള്ളിയിൽ അന്ത്യനിദ്ര കൊള്ളുന്നു.

1568ൽ ഈജിപ്ഷ്യൻ ക്യാപ്റ്റൻ സാമൂതിരിക്ക് തോക്കു സമ്മാനിച്ചതായി സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച ചരിത്ര ഗ്രന്ഥം‘തുഹ്ഫത്തുൽ മുജാഹിദീനിൽ’ പറയുന്നുണ്ട്. അക്കാലത്ത് സാമൂതിരി രാജാക്കൻമാ‍ർ പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു അധികവും താമസിച്ചിരുന്നത്.ഈജിപ്തുകാർ പിന്നീട് തിരിച്ചു പോയെങ്കിലും അവരുടെ സ്മരണാർഥം പള്ളിയെ നാട്ടുകാർ ‘മിസ്‌രി പള്ളി’ എന്നു വിളിക്കുകയായിരുന്നു.

നവീകരിച്ച് ചരിത്രം പുതുക്കി
പള്ളി 85 ലക്ഷം രൂപ ചെലവിലാണ് സർക്കാർ പുനർ നിർമിച്ചത്. സ്പീക്കർ ആയിരുന്ന പി.ശ്രീരാമകൃഷ്ണൻ മുൻകയ്യെടുത്താണ് നവീകരണം നടത്തിയത്. മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു നവീകരണം. പള്ളിയുടെ മേൽക്കൂര പുതുക്കിപ്പണിതു. പഴയ പ്രൗഢി അതേപടി നിലനിർത്തി മറ്റു ഭാഗങ്ങളും നവീകരിച്ചു. കഴിഞ്ഞ ജൂണിലാണ് പൈതൃക ഭവനമായി പ്രഖ്യാപിച്ച പള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.പൈതൃകപ്പള്ളിയായ ശേഷം പള്ളിയിലേക്ക് സന്ദർശകരും ഏറെ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com