ADVERTISEMENT

മലപ്പുറം ∙ ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസികൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാൻ പ്രാർഥനാസംഗമത്തിനു മേൽമുറി സ്വലാത്ത് നഗറിൽ ഒരുക്കം പൂർത്തിയായി. നാളെ ഉച്ചയ്ക്ക് ഒന്നു മുതൽ മറ്റന്നാൾ പുലർച്ചെ 3 വരെ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിനു സംസ്ഥാനത്തിനകത്തു നിന്നും പുറത്ത് നിന്നുമായി ആയിരങ്ങൾ എത്തിച്ചേരും. സമ്മേളനത്തിന് എത്തുന്നവരുടെ സൗകര്യത്തിനായി കോഴിക്കോട് - പാലക്കാട് റൂട്ടിലോടുന്ന കെഎസ്ആർടിസിയുടെ എല്ലാ ബസുകൾക്കും സ്വലാത്ത് നഗറിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെയാണു വിശ്വാസികൾക്കു വേണ്ട സൗകര്യങ്ങൾ സ്വലാത്ത് നഗറിൽ ഒരുക്കുന്നത്. അടിയന്തരാവശ്യങ്ങൾക്കു സൂപ്പർ സ്പെഷ്യൽറ്റി ഇന്റൻസീവ് കെയർ യൂണിറ്റ് സമ്മേളന നഗരിയിൽ ക്യാംപ് ചെയ്യും. 

അഗ്നിരക്ഷാ സേനയുടെയും 5555 അംഗ വൊളന്റിയർ കോറിന്റെയും സേവനമുണ്ടാകും. പൊലീസ്, അഗ്നിരക്ഷാ സേന, മെഡിക്കൽ സൗകര്യം ഉൾപ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെൽപ്‌ലൈൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം നോമ്പുതുറ, അത്താഴ സൗകര്യങ്ങളും ഉണ്ടാകും. പ്രാർഥനാ സമ്മേളന പരിപാടികൾ വീക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ എൽഇഡി വാൾ ഒരുക്കും.

സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന്റെ നിർമാണം പൂർത്തിയായി. സമ്മേളന ദിനമായ നാളെ രാവിലെ മുതൽ വിവിധ ആത്മീയ വൈജ്ഞാനിക ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് ഒന്നിന് അസ്മാഉൽ ബദ്‌രിയീൻ, 3ന് അസ്മാഉൽ ഹുസ്‌നാ മജ്‌ലിസ്, 5ന് വിർദുല്ലത്തീഫ് എന്നിവ നടക്കും. തുടർന്ന് ഒരു ലക്ഷം പേർ സംബന്ധിക്കുന്ന ഗ്രാൻഡ് ഇഫ്താർ സംഗമം. പള്ളിയിലും ഗ്രൗണ്ടുകളിലുമായി അവ്വാബീൻ, തറാവീഹ് നമസ്കാരങ്ങൾ നടക്കും.

രാത്രി 9ന് മുഖ്യവേദിയിൽ പ്രാർഥന സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പ്രവാചകരുടെ പ്രകീർത്തനമായ സ്വലാത്ത്, പാപമോചന പ്രാർഥന, അനുസ്മരണം, സമാപന പ്രാർഥന എന്നിവയാണ് പ്രധാന പരിപാടി. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാരുടെ അധ്യക്ഷതയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്യും. മഅദിൻ ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തും. 

ഉദ്ഘാടന സംഗമം ഇന്നു നടക്കും
റമസാൻ 27ാം രാവായ നാളെ മഅദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഉദ്ഘാടന സംഗമം ഇന്നു വൈകിട്ട് 4ന് മഅദിൻ ക്യാംപസിൽ നടക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ ഉദ്ഘാടനം ചെയ്യും. ഈ റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് മഅദിൻ ഗ്രാൻഡ് മസ്ജിദിൽ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ജുമുഅ ഖുത്തുബയ്ക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com