ADVERTISEMENT

തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജിനെ സെനറ്റിലെ മുസ്‌ലിം ലീഗ് അനുകൂല അധ്യാപക– വിദ്യാർഥി സംഘടനക്കാരായ അംഗങ്ങൾ ചേംബറിൽ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് സംഘർഷം. കൺട്രോളറെയും  ഉദ്യോഗസ്ഥരെയും പൂട്ടിയിട്ടതിൽ പ്രതിഷേധിച്ച് സിപിഎം അനുകൂല എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ പ്രകടനമായി എത്തിയതോടെ മുസ്‌ലിം ലീഗ് അനുകൂല സമരക്കാരുമായി വാക്കേറ്റമായി. ഉന്തും തള്ളും നടന്നു. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും യൂണിവേഴ്സിറ്റി സിൻഡിക്കറ്റിലെ മുൻ അംഗം ഡോ. പി. റഷീദ് അഹമ്മദും അടക്കം 8 പേരെ പൊലീസ് നീക്കം ചെയ്തതിനെത്തുടർന്നാണ് സംഘർഷത്തിന് അയവുവന്നത്. സെനറ്റിലെ മുസ്‌ലിം ലീഗ് അംഗം വി.കെ.എം.ഷാഫിയെ പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപ്ലോയീസ് യൂണിയൻ പ്രവർത്തകരും യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുമായ മണികണ്ഠൻ, തുഷാർ, പ്രദീപ് എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഈദുൽ ഫിത്‌ർ ദിനത്തിലും അനുബന്ധ ദിവസങ്ങളിലും പരീക്ഷ അനുവദിക്കില്ലെന്ന് അറിയിച്ച് രാവിലെ 10.30ന് പ്രതിഷേധക്കാർ കൺട്രോളറുടെ കാര്യാലയത്തിലെ പ്രവേശനകവാടത്തിലെയും മുകൾ നിലയിലെയും കൊളാപ്സി‌ബിൾ ഗേറ്റ് പൂട്ടുകയായിരുന്നു. ഈദുൽ ഫിത്‌ർ ദിവസം പരീക്ഷ ഇല്ലെന്ന് കൺട്രോളർ അറിയിച്ചെങ്കിലും ഈദുൽ ഫിത്റിനും തലേന്നും പിറ്റേന്നും പരീക്ഷകൾ നടത്താൻ പാടില്ലെന്ന് സർക്കാർ ഉത്തരവുണ്ടെന്നായി സമരക്കാർ. 

കലണ്ടർ പ്രകാരം ഈദുൽ ഫിത്‌ർ 10ന് ആയതിനാൽ അന്നും 11നും പരീക്ഷ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന്, ഈദുൽ ഫിത‌്‌ർ 11ന് ആണെങ്കിൽ 12ലെ പരീക്ഷകൾ മാറ്റുമെന്ന് പിവിസി സമരക്കാർക്ക് ഒപ്പിട്ട് നൽകി. സർക്കാർ കലണ്ടറിൽ അവധിയുള്ള എല്ലാ പ്രധാന ആഘോഷത്തലേന്നും പിറ്റേന്നും യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്തില്ലെന്നും പിവിസി സമരക്കാരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കയ്യാങ്കളി 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു പരീക്ഷയെച്ചൊല്ലി കാലിക്കറ്റിൽ ഉപരോധം
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവൻ ഈദുൽ ഫിത്‍‌ർ അനുബന്ധ ദിവസങ്ങളിലെ പരീക്ഷകളെ ചൊല്ലിയുള്ള സമരത്തെത്തുടർന്ന് ഇന്നലെ സംഘർഷ നിർഭരമായത് തുടർച്ചയായ 3 മണിക്കൂർ. സികെസിടി, എംഎസ്എഫ് നേതാക്കളായ സെനറ്റ് അംഗങ്ങൾ രാവിലെ നേരിട്ടെത്തി കൺട്രോളറെ ചേംബറിൽ പൂട്ടിയിട്ടു. ആദ്യം കൺട്രോളറുമായും അനന്തരം പിവിസിയെ വിളിച്ചു വരുത്തി അദ്ദേഹവുമായി മാരത്തൺ ചർച്ച. പ്രധാന ആഘോഷത്തത്തലേന്നും പിറ്റേന്നും ഇനി പരീക്ഷ നടത്തില്ലെന്ന ഉറപ്പു കൂടി വാങ്ങിച്ച് സമരക്കാർ പുറത്ത് കടക്കാനിരിക്കെ സിപിഎം അനുകൂല എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ പ്രതിഷേധിച്ച് എത്തിയതോടെ രംഗം കലുഷിതമായി.

പലപ്പോഴും ചെറിയ കയ്യാങ്കളിയും അരങ്ങേറി. ഇരു പക്ഷത്തു നിന്നുമായി 4 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സികെസിടി, എംഎസ്എഫ് നേതാക്കൾ അടക്കം മുസ്‌ലിം ലീഗ് അനുകൂലികളായ 8 പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്ത് പേരും വിലാസവും രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിട്ടുണ്ട്. കൺട്രോളറെ പൂട്ടിയിട്ടതറിഞ്ഞ് ഇന്നലെ കനത്ത പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നു. സമരക്കാരുടെ ആവശ്യം ചർച്ച വഴി പരിഹരിച്ചതിന് പിന്നാലെ എത്തിയ എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ  ഗേറ്റ് അടച്ചതും ഇരു പക്ഷവും തമ്മിലുള്ള പോർമുഖം ശക്തിപ്പെടാൻ ഇടയാക്കി.

സികെസിടിയും എംഎസ്എഫും ആഴ്ചകളായി ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കപ്പെടാതെ കൺട്രോളറുമായി ചർച്ചയ്ക്ക് എത്തിയപ്പോൾ എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ തടസ്സവാദം ഉന്നയിച്ചെന്നാണ് മുസ്‌ലിം ലീഗ് അനുകൂല സമരക്കാരുടെ നിലപാട്. എന്നാൽ, പരീക്ഷാ കൺട്രോളറുടെ ഓഫിസിലേക്ക് ഇരച്ച് കയറിയവർ തങ്ങളുടെ സംഘടനയിൽപ്പെട്ട ഏതാനും ഉദ്യോഗസ്ഥരെ മർദിച്ചെന്നാണ് എംപ്ലോയീസ് യൂണിയൻ നേതാക്കളുടെ വാദം. 10ന് യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തീരുമാനിച്ചിട്ടില്ല. 

ബി– വോക് ലോജിസറ്റിക് പരീക്ഷ ഒരു കോളജിൽ 11ന് നടത്താനിരുന്നത് 12ലേക്ക് മാറ്റിയിട്ടുണ്ട്.  ഈദുൽ ഫിത്‌ർ ദിനത്തിൽ പരീക്ഷ എന്നത് തെറ്റായ പ്രചാരണമാണ്. അക്രമം നടത്തിയവർക്ക് എതിരെ നടപടി സ്വീകരിക്കണം– എംപ്ലോയീസ് യൂണിയൻ നേതാക്കൾ പറ‍ഞ്ഞു. എംപ്ലോയീസ് യൂണിയൻ പ്രവർത്തകരുടെ അക്രമത്തിൽ എംഎസ്എഫും പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com