ADVERTISEMENT

വഴിക്കടവ് ∙ ആനമറിയിലെ എക്സൈസ് ചെക്പോസ്റ്റ്  പരിസരത്ത് തമ്പടിച്ച് ആനക്കൂട്ടം. ഇന്നലെ പകൽ മുഴുവൻ ചെക്പോസ്റ്റിന് നേരെ എതിർവശത്ത് റോഡിരികിലെ കുന്നിൽനിന്നു മാറാതെ ആനക്കൂട്ടം  നിലയുറപ്പിച്ചു. ചെക്പോസ്റ്റിൽനിന്ന് 20 മീറ്റർ മാത്രം അകലെ  ആനക്കൂട്ടം നിലയുറപ്പിച്ചതോടെ ചെക്പോസ്റ്റിലെ ജീവനക്കാർ ഭീതിയോടെയാണ്  ജോലിചെയ്യുന്നത്. ഒരു കുട്ടി ഉൾപ്പെടെ ആറ്  ആനകളടങ്ങുന്ന കൂട്ടമാണ്  ഇവിടെ എത്തിയിരിക്കുന്നത്.  നീരുറവയും പുല്ലും ഉള്ള  സ്ഥലമായതിനാലാണ്  ഈ ഭാഗത്തുനിന്ന് ആനകൾ  മാറാത്തത്.

ചെക്പോസ്റ്റിലേക്ക് മുകളിലെ ചോലയിൽനിന്നു വെള്ളമെത്തിക്കുന്നതിനു  സ്ഥാപിച്ച പൈപ്പിൽനിന്ന് ആനകൾ വെള്ളം കുടിക്കുന്നുമുണ്ട്. ഇപ്പോൾ ചെക്പോസ്റ്റിലെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ആനകളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും വേണമെന്ന സ്ഥിതിയിലാണ് ജീവനക്കാർ. ഈ ആനക്കൂട്ടം രാത്രിയായാൽ ആനമറി ജനവാസ കേന്ദ്രങ്ങളിലുമെത്തുന്നത് നാട്ടുകാർക്കും ഭീഷണിയാണ്.

പടക്കം പൊട്ടിച്ച കർഷകന് പൊള്ളലേറ്റു
വഴിക്കടവ്  ∙ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിൽ പടക്കംപൊട്ടി കർഷകനു പരുക്ക്. ആനമറിയിലെ  കൊളവണ്ണ കൃഷ്ണന് (55)  ആണ് പരുക്കേറ്റത്. കഴുത്തിലും മുഖത്തും പൊള്ളലേറ്റ കൃഷ്ണൻ വഴിക്കടവിലെ സ്വകാര‍്യ ക്ലിനിക്കിൽ ചികിത്സ തേടി. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. വീടിനു പരിസരത്തുനിന്ന് ആന പോകാതെ വന്നപ്പോൾ കൃഷ്ണൻ പടക്കം നിലത്തുവച്ച് കത്തിക്കുകയായിരുന്നു.

ഇതിനിടയിൽ ആന  കൃഷ്ണനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. പുരയിടത്തിലെ കമുക്, തെങ്ങ്, വാഴ തുടങ്ങിയവ മുൻപും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.  നെല്ലിക്കുത്ത് വനംഔ‌ട്പോസ്റ്റ് മുതൽ  ആനമറി മലാംതോട് വരെ  3 കിലോമീറ്റർ ദൂരം തൂക്കുവേലി സ്ഥാപിച്ചപ്പോൾ ആനമറി ഭാഗത്ത് 500 മീറ്റർ  ഒഴിവാക്കിയിട്ടുണ്ട്.  ഈ ഭാഗത്തിലൂടെയാണ് ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com