മത്തവിലാസം കൂത്ത് ‘റീലോഡഡ്’

Mail This Article
വണ്ടൂർ ∙ ശിവക്ഷേത്രങ്ങളിൽ ഒരു കാലത്തു പതിവായി നടത്തിയിരുന്ന മത്തവിലാസം കൂത്ത് തിരിച്ചുവരവിന്റെ പാതയിൽ. പാരമ്പര്യ ചാക്യാർ കുടുംബങ്ങളാണ് ഇതവതരിപ്പിക്കുന്നത്. ചിട്ടവട്ടങ്ങളും ചടങ്ങുകളും ഒരുപാടുണ്ട്. സഹായികളായി നമ്പ്യാർ, നങ്ങ്യാരമ്മ എന്നിവരും ഉണ്ടാകും. മൂന്ന് ദിവസങ്ങളിലായാണ് നടത്തുന്നത്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിലോ വലതുഭാഗത്തുള്ള വാതിൽമാടത്തിലോ അലങ്കാരങ്ങൾ ചെയ്ത് യജ്ഞശാലയായി സങ്കൽപ്പിച്ച് അവിടെ അവതരിപ്പിക്കും.
സൂത്രധാരന്റെ രംഗപ്രവേശം
ഒന്നാം ദിവസം സൂത്രധാരന്റെ പ്രവേശമാണ്. ഭൂമിയാവുന്ന പാത്രത്തിൽ മംഗളം ഭവിക്കട്ടെ എന്ന പ്രാർഥനയോടെ ശിവപാർവതിമാരുടെ രൂപവർണന നടത്തും. ശേഷം ത്രിമൂർത്തികളെയും അഷ്ടദിക്പാലകരെയും വന്ദിച്ച് ചാക്യാർ കൂത്തുവിളക്കിന്റെ അകമ്പടിയോടെ ശ്രീകോവിലിനു മുന്നിൽചെന്നു മണിമുഴക്കി തൊഴുതു തിരിച്ച് അരങ്ങത്തെത്തി അവസാനിപ്പിക്കും.
രണ്ടാം ദിവസം നിർവഹണം, കുമാരസംഭവം കഥ
രണ്ടാം ദിവസം കുമാരസംഭവം കഥ വിശദമായി ആടുന്നു. അവസാനഭാഗത്തു ശിവൻ രക്തബീജനെ വധിക്കാൻ ഭദ്രകാളിയെ സൃഷ്ടിക്കുകയും ഭദ്രകാളി കൃത്യനിർവഹണത്തിനു ശേഷം ദേവൻമാരെ പിടിച്ചുതിന്നാൻ പുറപ്പെടുകയും ചെയ്യുന്നു. ദേവൻമാർ ശ്രീപരമേശ്വരനെ ശരണം പ്രാപിച്ചതിനെത്തുടർന്നു ഭഗവാൻ നൃത്തം ചെയ്തു ഭദ്രകാളിയെ സന്തോഷിപ്പിച്ചു കൂടെ ആടിക്കുന്നു. ഭയം മാറിയ ദേവൻമാരും കൂടെ നൃത്തം ചെയ്യുമ്പോൾ ഭഗവാൻ കാണിയായും നർത്തകനായും മാറിമാറി ആടുന്നതോടെ മംഗളപ്രാർഥനയോടെ രണ്ടാം ദിവസത്തെ കൂത്ത് അവസാനിക്കും.
മൂന്നാം ദിവസം കാപാലി, ഉദ്ദിഷ്ടകാര്യസിദ്ധി പ്രാർഥന
മൂന്നാം ദിവസം കാപാലി വേഷത്തിൽ വന്നാണു നൃത്തം. തുടർന്നു സത്യസോമൻ എന്ന ബ്രാഹ്മണന്റെ കഥയാടുന്നു. മത്തവിലാസം കാണാൻ വന്ന ഭക്തർക്കു ഉദ്ദിഷ്ടകാര്യസാധ്യത്തിനായി പ്രാർഥനയ്ക്കുള്ള അവസരവും അന്നാണ്. ശിവക്ഷേത്രങ്ങളിൽ ഭഗവദ്പ്രീതിക്കായി സമർപ്പിക്കുന്ന വഴിപാടുകളിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നായി മത്തവിലാസം കൂത്തിനെ കാണക്കാക്കുന്നു.
ചാക്യാർക്കൂത്തിൽനിന്നു വ്യത്യസ്തം
വാചിക പ്രാധാന്യമുള്ള ചാക്യാർക്കൂത്തിൽനിന്ന് അഭിനയ, നൃത്ത പ്രാധാന്യമാണ് മത്തവിലാസം കൂത്തിനെ വ്യത്യസ്തമാക്കുന്നത്. വേഷത്തിലും വ്യത്യാസമുണ്ട്. ആചാരാനുഷ്ഠാനങ്ങളോടെ നിർമിച്ച് ഉപനയനം കഴിഞ്ഞ മിഴാവാണ് മത്തവിലാസം കൂത്തിൽ ഉപയോഗിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ നമ്പ്യാരാണ് മിഴാവ് കൊട്ടുക.
പ്രചാരം നൽകി പൈങ്കുളം
ചാക്യാർക്കൂത്തിനെ ക്ഷേത്രമതിൽക്കെട്ടിൽനിന്നു പുറത്തേക്കെത്തിച്ച പൈങ്കുളം രാമചാക്യാരുടെ മരുമകനും ശിഷ്യനുമായ പൈങ്കുളം നാരായണ ചാക്യാരാണ് മത്തവിലാസം കൂത്തിനു കിഴക്കൻ മേഖലയിൽ കളമൊരുക്കിയത്. വിദേശരാജ്യങ്ങളിലടക്കം കൂടിയാട്ടം അവതരിപ്പിച്ചു ശ്രദ്ധേയനാണ് ഇദ്ദേഹം. ചാക്യാർക്കൂത്ത് കലാകാരനും ആണ്. അടുത്തിടയായി മത്തവിലാസം കൂത്തിനും പ്രാധാന്യം നൽകി വേദികളിലെത്തുന്നു. ഒട്ടേറെ വർഷങ്ങൾക്കു ശേഷം നാളെ മുതൽ വണ്ടൂർ ശിവക്ഷേത്രത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മത്തവിലാസം കൂത്ത് നടക്കുകയാണ്.