വസ്ത്രവിപണിയിലും ഹിറ്റായി പ്രേമലുവും ആടുജീവിതവും; പുലരുവോളം കടകൾ തുറന്നിട്ട് വ്യാപാരികൾ
Mail This Article
മഞ്ചേരി∙ പെരുന്നാൾ മൊഞ്ചാക്കാൻ വസ്ത്രവിപണിയിൽ പ്രേമലുവും ആടുജീവിതവും. പർച്ചേസ് അവസാന ലാപ്പിലേക്ക് നീങ്ങുകയാണ്. ചെറിയ പെരുന്നാളും വിഷുവും ദിവസങ്ങളുടെ വ്യത്യാസത്തിന് എത്തിയതോടെ വിപണിയിൽ വൻ തിരക്കാണ്. ചൂട് അസഹ്യമായതിനാൽ നോമ്പ് തുറന്ന ശേഷമാണ് ആളുകൾ ഷോപ്പിങ്ങിന് ഇറങ്ങുന്നത്. മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, മലപ്പുറം, എടക്കര, കൊണ്ടോട്ടി, വളാഞ്ചേരി നഗരങ്ങളിൽ ചില കടകൾ പുലരുവോളം തുറന്നിട്ട് ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. വൈകിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തോടെയാണ് പെരുന്നാൾ ഷോപ്പിങ് എന്ന് വ്യാപാരികൾ പറയുന്നു.
പലയിടത്തും വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ല. റോഡരികിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അടുത്ത ദിവസങ്ങളിലും വിപണിയിൽ ആഘോഷത്തിന്റെ തിരക്കാകും. ബസ് സർവീസ് ഉൾപ്പെടെ ഗതാഗത മേഖലയിൽ പ്രതീക്ഷയുടെ ഉണർവാണ്. ടോപ്പുകളിലും ഗൗണിലും പ്രേമലു ആണ് താരം. കോട്ട് സെറ്റ്, പിനാഫോർ ഡ്രസ്, ക്രോപ് ടോപ് സെറ്റ്, ഡിസൈനർ സ്യൂട്ട്, ഓപ്പൺ ചുരിദാർ തുടങ്ങിയവയാണ് ടീനേജുകാർക്ക് പ്രിയം.
കൊറിയൻ ബാഗി പാന്റ്സ്, സ്ട്രെയിറ്റ് ഫിറ്റ് പാന്റ്സ് തുടങ്ങിയവയ്ക്ക് ഡിമാൻഡ് ഏറെ. സാരികളിൽ മോഡൽ സിൽക്, കുബേര സിൽക്, കോവൈ പട്ട്, ജമദാനി, ടസർ സിൽക്, വെങ്കിടഗിരി കോട്ടൺ, ലിനൻ എന്നിവയ്ക്കാണ് ആവശ്യക്കാർ. പുരുഷ വസ്ത്രങ്ങളിൽ ലൂസ് ഫിറ്റ് ഷർട്ടും പാന്റ്സുമാണ് ചെലവാകുന്നത്. ജീൻസുകളിൽ ബൂട്ട് കട്ട്, ബാഗി തുടങ്ങിയവയ്ക്കാണ് പ്രിയം. ചെരിപ്പ് വിപണിയിൽ മുത്തും കല്ലും പിടിപ്പിച്ച ഫാൻസി പാദരക്ഷകൾ ആവശ്യക്കാരുടെ മനം കവരുന്നു. ഫാൻസി കടകളിലും തിരക്കിന്റെ പെരുന്നാൾ രാവ് ആണ്.