ADVERTISEMENT

വണ്ടൂർ ∙ മലയാള സിനിമയിലെ എക്കാലത്തെയും ‘വലിയ പെരുന്നാളായി’ മാറിയ ആടുജീവിതത്തിൽ നജീബ് രക്ഷപ്പെട്ടെത്തിയപ്പോൾ കുളിപ്പിച്ചു പരിചരിച്ച ഹോട്ടലുടമ കുഞ്ഞിക്കയുടെ വേഷം അനശ്വരമാക്കിയ നാസർ കറുത്തേനി ഈ ചെറിയ പെരുന്നാളിനു വണ്ടൂർ പുളിക്കലിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമുണ്ട്. വണ്ടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രൈമറി അധ്യാപകനായ അദ്ദേഹം, ദിവസവും എത്തുന്ന അഭിനന്ദനവാക്കുകളുടെ സന്തോഷം ഏറ്റുവാങ്ങി, അഭിനയരംഗത്തെത്തിയ സാഹചര്യവും ആടുജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്നു.

സലാം കൊടിയത്തൂരിന്റെ ഹോം സിനിമികളുടെ പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നു നാസർ കറുത്തേനി. അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ല. എങ്കിലും ഇടയ്ക്കു കിട്ടുന്ന ചെറിയ റോളുകളിൽ മുഖം കാണിച്ചു. കിട്ടുന്ന കഥാപാത്രങ്ങളോടു നീതി പുലർത്തിയതോടെ ശ്രദ്ധേയനായി.

മുഹസിൻ പരാരി സംവിധാനം ചെയ്ത കെഎൽ 10 പത്ത് ആയിരുന്നു ആദ്യ സിനിമ. ഇതിൽ ഉണ്ണിമുകുന്ദന്റെ അധ്യാപകനായി അഭിനയിച്ചു. സുഡാനി ഫ്രം നൈജീരിയയിലെ മുത്തുക്ക എന്ന കഥാപാത്രം മികച്ചരീതിയിൽ അവതരിപ്പിച്ചു. അതോടെ അഭിനേതാവ് എന്ന നിലയിൽ സിനിമാരംഗത്തു ചുവടുറപ്പിച്ചു.ഹലാൽ ലൗ സ്റ്റോറിയിലെ മുഖ്യകഥാപാത്രമായ റഹീം സാഹിബാണ് നാസർ കറുത്തേനിയുടെ സിനിമാ ജീവിതത്തിൽ  വഴിത്തിരിവായത്.

ജോജോ, സോബിൻ, ഇന്ദ്രജിത്ത് തുടങ്ങിയവരോടൊപ്പമായിരുന്നു അഭിനയം. 2020ൽ ഈ സിനിമ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ബ്ലെസി വിളിച്ചു. അഭിനയം നന്നായിട്ടുണ്ടെന്നും ആടുജീവിതത്തിൽ അഭിനയിക്കണമെന്നും അറിയിച്ചു. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞില്ലേ എന്നായിരുന്നു തിരിച്ചുചോദിച്ചത്. കോവി‍‍‍ഡ് കാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചൊക്കെ കേട്ടിരുന്നു. പൂർത്തിയായിട്ടില്ലെന്നും ഷൂട്ടിങിന് എത്തണമെന്നും അറിയിച്ചതോടെ നിറഞ്ഞ മനസ്സോടെ സമ്മതിച്ചു.ജോർദാനിലായിരുന്നു ചിത്രീകരണം. ആദ്യ വിദേശയാത്രയായിരുന്നു അത്.

നജീബ് രക്ഷപ്പെട്ട് എത്തുന്നതു കുഞ്ഞിക്കയുടെ ഹോട്ടലിലേക്കാണ്. മുൻപും ഒരുപാടു നജീബുമാരെ രക്ഷപ്പെടുത്തിയ കുഞ്ഞിക്കയുടെ അടുത്ത് നജീബ് എത്തുന്നതോടെ മരുഭൂമിയിൽ മരുപ്പച്ച കണ്ട അനുഭവം പ്രേക്ഷകരിലേക്ക് പകരാൻ നാസർ കറുത്തേനിയുടെ അഭിനയ മികവിനായി. നേരത്തേയുണ്ടായിരുന്ന ഒരു കടയാണ് ചില മാറ്റങ്ങൾ വരുത്തി കുഞ്ഞിക്കയുടെ ഹോട്ടലാക്കി മാറ്റിയത്.

വളരെ സൗഹൃദപൂർവമായ പെരുമാറ്റമായിരുന്നു ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും എന്ന് നാസർ കറുത്തേനി പറയുന്നു. റാന്നിയിൽ വച്ച് ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിനെ കണ്ടതും മറക്കാനാവാത്ത അനുഭവമായി.കുരുതി, സല്യൂട്ട്, മുടി തുടങ്ങിയ സിനിമകളിലും നാസർ കറുത്തേനി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സംവിധായകൻ സഖറിയ മുഖ്യ നടനായ കമ്യൂണിസ്റ്റ് പച്ച, അഭിലാഷം തുടങ്ങിയവയാണു പുറത്തിറങ്ങാനുള്ള സിനിമകൾ. അവസരങ്ങൾ വരുന്നുണ്ട്. അധ്യാപനത്തിന്റെ ഒഴിവുകളിലാണു അഭിനയം. അഭിനയിച്ച സിനിമകളെക്കാൾ മടക്കിയവയാണു കൂടുതലെന്നും നാസർ കറുത്തേനി പറയുന്നു.

എല്ലാം ഒന്നിച്ച്
തിരൂർ വെട്ടം പള്ളിപ്പുറം ഗവ. സ്കൂളിലായിരുന്നു നാസർ കറുത്തേനിയുടെ അധ്യാപനത്തുടക്കം. മേലാറ്റൂർ പുത്തൻപള്ളി ജിഎൽപിഎസ്, കരുവാരകുണ്ട് കൊയ്ത്തുകുണ്ട് ജിഎൽപിഎസ്, പോരൂർ പട്ടണംകുണ്ട് ജിഎൽപിഎസ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. 4 വർഷമായി വണ്ടൂർ ജിജിഎച്ച്എസ്എസിലാണ്. അധ്യാപനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാനാണ് ആഗ്രഹം. പെരുന്നാളിന് ഭാര്യ ഫാത്തിമയും അഞ്ചു മക്കളും ഒത്തുചേർന്ന് വീട്ടിൽ സന്തോഷപ്പെരുക്കമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com