ADVERTISEMENT

തേഞ്ഞിപ്പലം ∙ ശക്തമായ വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ തേഞ്ഞിപ്പലത്ത് കൃഷിനാശം. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തി പ്രദേശമായ ചൊവ്വയിൽ, കടക്കാട്ടുപാറ വയലുകളിൽ നൂറുക്കണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി. കുലച്ചതും കുലക്കടുത്തതുമായ വാഴകൾ നടുവൊടിഞ്ഞും കടപുഴകിയും വീഴുകയായിരുന്നു. വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക് അതിവേഗം വെള്ളം വലിഞ്ഞതിനാൽ വെള്ളക്കെട്ട് പ്രശ്നമായില്ല. ഓണക്കാലത്ത് കുല വെട്ടാനുള്ള വാഴകളാണ് വിഷുക്കാലത്തെ കാറ്റിൽ നശിച്ചവയിൽ ഏറെയും. കുലച്ച വാഴ കാറ്റിൽ വീഴാതിരിക്കാൻ താങ്ങുകാൽ നാട്ടിയത് വിഫലമായി. 

കക്കാട്ട് ശിവൻ, സെയ്താലി കൊല്ലേരി, എം.കെ. അഷ്റഫ്, സുധീർ അമ്പലപ്പാടം, രാജഗോപാൽ, കെ.എൻ. പരമേശ്വരൻ തുടങ്ങിയവരുടെ വാഴകളാണ് നശിച്ചത്. ചില കർഷകർക്ക് ചെറിയ തോതിലും കൃഷി നാശമുണ്ട്. കടക്കാട്ടുപാറ, ചൊവ്വയിൽ ഭാഗങ്ങളിൽ 600ലേറെ വാഴകൾ നശിച്ചതായി സ്ഥലം സന്ദർശിച്ച തേഞ്ഞിപ്പലം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അണ്ടിശേരി പിയൂഷ് പറഞ്ഞു.ചൊവ്വയിൽ പാടത്തിനടുത്ത് പ്ലാവ് പൊട്ടി വീണ് വൈദ്യുത ലൈൻ തകർന്ന് 6 വീടുകളിലേക്കുള്ള വൈദ്യുതി ഏതാനും സമയം വിച്ഛേദിക്കപ്പെട്ടു. മരം മുറിച്ച് മാറ്റിയതിൽ പിന്നെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com