ADVERTISEMENT

പള്ളിക്കൽ ∙ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കിനെതിരെ യുഡിഎഫ് ഭരണസമിതി സമരരംഗത്ത്. ആദ്യ ഘട്ടമായി ഇന്നലെ കൊണ്ടോട്ടി ജല അതോറിറ്റി ഓഫിസിനു മുന്നിൽ ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ധർണ നടത്തി. 2021ൽ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. പള്ളിക്കൽ മേഖലയിലെ 5,000 കുടുംബങ്ങൾക്ക് കണക്‌ഷൻ നൽകിയെങ്കിലും പലർക്കും വെള്ളം കിട്ടുന്നില്ല. ചിലർക്ക് വല്ലപ്പോഴും കിട്ടിയാലായി. ശുദ്ധജലത്തിന് ജലജീവൻ മിഷൻ പദ്ധതിയെ മാത്രം ആശ്രയിക്കാൻ വയ്യാത്ത അവസ്ഥയാണ്. 

പൈപ്പിടാൻ കുഴിച്ച ഗ്രാമീണ റോഡുകൾ റീ ടാറിങ് നടത്താത്തതിനാൽ യാത്രാക്ലേശവും രൂക്ഷമാണ്. പല റോഡുകളിലും ഇനിയും പൈപ്പിട്ടിട്ടില്ല. പൈപ്പിട്ട ചില റോഡുകൾക്ക് അരികെയുള്ള വീട്ടുകാർക്കുപോലും പൂർണമായും കണക്‌ഷൻ നൽകാനായിട്ടില്ല. പരീക്ഷണ പമ്പിങ് പോലും നടത്താതെ വെള്ളക്കരം അടയ്ക്കാൻ ബിൽ നൽകിയതും വിവാദമായിരുന്നു. ബിൽ ലഭിച്ചവർ വെള്ളം ലഭിക്കാത്ത വിവരം അറിയിച്ചാൽ മതിയെന്ന് ഉറപ്പുനൽകിയാണ് പ്രശ്നം പരിഹരിച്ചത്. 

കരിപ്പൂർ മേഖലയിൽ നിർമാണം പൂർത്തിയായ സംഭരണിയിൽ വെള്ളം എത്തിച്ച് വിതരണം നടത്താത്തതിലും ഭരണസമിതിക്ക് പ്രതിഷേധമുണ്ട്. ശേഷിക്കുന്ന വീട്ടുകാർക്കും കണക്‌ഷൻ നൽകി പഞ്ചായത്തിലെ 13,000 ഉപയോക്താക്കൾക്കും ശുദ്ധജലം കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നാണ് ഭരണസമിതിയുടെ ആവശ്യം. 

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദു ധർണ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വിമല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹിമാൻ, വി.പി.അബ്ദുൽ ഷുക്കൂർ, കെ.പി.മുസ്തഫ തങ്ങൾ, പി.സി.അബ്ദുൽ ലത്തീഫ്, പഴേരി സുഹറ, എ.ശുഹൈബ്, ജമാൽ കരിപ്പൂർ, ചെമ്പാൻ മുഹമ്മദലി, ലത്തീഫ് കൂട്ടാലുങ്ങൽ എന്നിവർ പ്രസംഗിച്ചു.

വാഹനങ്ങളിൽ വെള്ളമെത്തിക്കാൻഇന്ന് യോഗം
വാഹനങ്ങളിൽ വെള്ളം എത്തിക്കാ‍ൻ ടെ‍ൻഡർ‌ ഉറപ്പിക്കാനായി പഞ്ചായത്ത് ഭരണ സമിതി ഇന്ന് പ്രത്യേക യോഗം ചേരുന്നു. പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. വെള്ളം എത്തിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇന്ന് ടെൻഡർ ഉറപ്പിക്കും. വൈകാതെ പഞ്ചായത്തിലെ ജലക്ഷാമ മേഖലകളിൽ വെള്ളം എത്തിക്കാനാണു നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com