കാർ യാത്രക്കാരെ ആക്രമിച്ച് പണംതട്ടൽ: ഒളിവിലായിരുന്ന പ്രതിയും പിടിയിൽ
Mail This Article
പൊന്നാനി ∙ കാർ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയും പൊലീസ് വലയിൽ. കാറിൽനിന്ന് അര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി ദിലീലാണ് പൊലീസ് പിടിയിലായത്. ഇയാളെയും കൊണ്ട് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. പൊന്നാനി– കുറ്റിപ്പുറം ദേശീയപാതയിൽ നരിപ്പറമ്പ് ഭാഗത്തു കഴിഞ്ഞ മാസം പതിനൊന്നിനാണ് സംഭവം. രാത്രിയിൽ ബൈക്കിൽ പെട്രോൾ കഴിഞ്ഞെന്ന വ്യാജേന കാർ തടഞ്ഞുനിർത്തി ആക്രമിച്ച് പണം അപഹരിക്കുകയായിരുന്നു.
കുറ്റിപ്പുറം സ്വദേശി നൗഫലാണ് അക്രമത്തിനിരയായത്. അക്രമം തടയാനെത്തിയ പൊന്നാനി ഇൗശ്വരമംഗലം സ്വദേശി വലിയ വളപ്പിൽ അഷ്കറിനെയും അക്രമി സംഘം മർദിച്ചു. സംഭവത്തിൽ പത്തുകണ്ടത്തിൽ രാഹുൽ രാജ്, വലിയ കുളം രാഹുൽ രാജ് എന്നിവരെ തൊട്ടുപിന്നാലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ദിലീൽ ഒളിവിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.