കാട്ടുപന്നി കിണറ്റിൽ വീണു; നെട്ടോട്ടം നാട്ടുകാർക്ക്
Mail This Article
എടപ്പാൾ ∙ കാട്ടുപന്നി കിണറ്റിൽ വീണു; പുറത്തെടുക്കാനാകാതെ നാട്ടുകാർ വട്ടംകറങ്ങി. കാലടി തേങ്ങാക്കുന്ന് കിഴക്കേപ്പുറത്ത് ശിവന്റെ വീട്ടിലെ കിണറ്റിൽ ആണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി വീണത്. നാട്ടുകാർ ചേർന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും പഞ്ചായത്തുമായി ബന്ധപ്പെടാനായിരുന്നു നിർദേശം.
പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ സമീപിച്ചു. പശു ആയിരുന്നെങ്കിൽ പുറത്തെടുക്കാം. എന്നാൽ പന്നി ആയതിനാൽ കഴിയില്ലെന്നായിരുന്നു മറുപടി. പൊലീസുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾക്കൊന്നും ചെയ്യാനില്ല എന്നതായിരുന്നു ഇവർ പറഞ്ഞത്. ഇതോടെ നാട്ടുകാർ വെട്ടിലായി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെടുകയും ഇവർ ആർആർടി വിഭാഗത്തെ വിവരം അറിയിക്കുകയും ചെയ്തു. വൈകിട്ടോടെ നിലമ്പൂർ സൗത്ത് ആർആർടി സംഘവും പെരിന്തൽമണ്ണ ട്രോമാകെയർ സംഘവും സ്ഥലത്തെത്തി കാട്ടുപന്നിയെ പുറത്തെടുത്ത് തുറന്നുവിട്ടതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്.