ADVERTISEMENT

പെരിന്തൽമണ്ണ ∙ ഒരാഴ്‌ചയ്‌ക്കകം കാര്യമായി മഴ പെയ്‌തില്ലെങ്കിൽ തൂതപ്പുഴയിലെ ശുദ്ധജല പദ്ധതികളിൽ നിന്നുള്ള ജലവിതരണം നിലയ്‌ക്കുമെന്ന് അധികൃതർ.രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് പലയിടത്തും അനുഭവപ്പെടുന്നത്. വറ്റാത്ത കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ജലഅതോറിറ്റിയുടെയും ചെറുകിട ശുദ്ധജല പദ്ധതികൾ വഴിയുള്ള പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ആഴ്‌ചയിൽ ഒന്നും രണ്ടും തവണവെള്ളം എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. അതേസമയം ഉയർന്ന ചില മേഖലകളിലേക്ക് പൈപ്പുവെള്ളം എത്താത്ത പ്രതിസന്ധിയുമുണ്ട്.

തൂതപ്പുഴയിലെ നീരൊഴുക്ക് വളരെ കുറവാണ്. കാഞ്ഞിരപ്പുഴയിൽ നിന്നുള്ള നീരൊഴുക്ക് പൂർണമായി നിലച്ച നിലയിലാണ്. കാഞ്ഞിരപ്പുഴ ഡാമിൽ വെള്ളം കിട്ടിയാലും മതി. അങ്ങനെ വന്നാൽ ഡാം കനാലിലേക്ക് തുറക്കുന്നതോടെ പുഴയിൽ വെള്ളമെത്തും. കട്ടുപ്പാറയിലും മൂർക്കനാടും മുതുകുർശിയിലുമൊക്കെ തടയണയിൽ ഒരാഴ്‌ചയ്‌ക്കുള്ള വെള്ളമേയുള്ളൂ. അപ്പോഴേക്കും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും.

തൂതപ്പുഴയിൽ നിന്നുള്ള മൂർക്കനാട് ശുദ്ധജല പദ്ധതിയുടെ ക്ലിയർ വാട്ടർ പമ്പിങ് ലൈനിൽ വലിയ ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് ഇവിടെ ജലവിതരണം കഴിഞ്ഞ ദിവസങ്ങളിൽ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജലവിതരണം ആരംഭിച്ചെങ്കിലും മണിക്കൂറുകൾക്കകം വീണ്ടും തകരാറിലായി.  ഇന്ന് രാവിലത്തോടെ പ്രതിസന്ധി പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം നടക്കുന്നതായി അധികൃതർ പറഞ്ഞു.

നീരൊഴുക്ക് നിലച്ചു;‌ വറ്റിവരണ്ട് വെള്ളിയാർ
കീഴാറ്റൂർ ∙ എക്കാലത്തും വറ്റാതെ ഒഴുകിയിരുന്ന വെള്ളിയാർ കനത്ത ചൂട‌ിൽ നീരൊഴുക്ക് നിലച്ച് വറ്റിവരണ്ടു. അങ്ങിങ്ങ് ചെറിയ കയങ്ങളിലും കുഴികളിലും മാത്രമാണ് വെള്ളം ഉള്ളത്. കഴിഞ്ഞ ദിവസം മേലാറ്റൂരിൽ ചെറിയ വേനൽമഴ പെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. വെള്ളിയാറിനെ ആശ്രയിച്ച് തടയണകളിലെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്‌തവരും കഷ്‌ടത്തിലായി. 

മണിയാണീരി കടവിനു സമീപം ഒരു ലക്ഷം രൂപ മുടക്കി നിർമിച്ച കല്ലട തടയണയിലും നീരൊഴുക്ക് നിലച്ചതോടെ വെള്ളം കുറഞ്ഞു. സമീപം നിർമിച്ച വലിയ കിണറിലെ വെള്ളം ഉപയോഗിച്ചാണ് കീഴാറ്റൂർ, കാര്യാമാട്, ആനപ്പാംകുഴി എന്നിവിടങ്ങളിലെ 502 വീടുകളിൽ ശുദ്ധജല വിതരണം നടത്തുന്നത്. കിണറ്റിലെ വെള്ളം താഴുന്നു. മഴ പെയ്‌ത് പുഴയിൽ നീരൊഴുക്ക് തുടങ്ങിയില്ലെങ്കിൽ ശുദ്ധജല വിതരണവും നിലയ്‌ക്കാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com