ADVERTISEMENT

എടപ്പാൾ ∙ മേഖലയിൽ വോട്ടിങ് സമാധാനപരം. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ പണിമുടക്കിയത് അധികൃതർക്ക് തലവേദനയായി. ആലംകോട് പഞ്ചായത്തിലെ സംസ്കൃതി സ്കൂളിൽ സജ്ജീകരിച്ച 91–ാം നമ്പർ ബൂത്തിൽ വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ യന്ത്രം തകരാറിലായി. ഇതോടെ വെട്ട് ചെയ്യാൻ എത്തിയവർ ബുദ്ധിമുട്ടിലായി. ഒന്നര മണിക്കൂറിന് ശേഷം തകരാർ പരിഹരിച്ച് 8.30ന് വോട്ടിങ് പുനരാരംഭിച്ചു. കാലടി പഞ്ചായത്തിലെ നരിപ്പറമ്പ് 73–ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ പണിമുടക്കിയത് വോട്ടർമാരെ വലച്ചു. ഒരു മെഷീൻ തകരാറിലായെങ്കിലും മറ്റിടങ്ങളിൽ വോട്ടിങ്ങിന് സൗകര്യമൊരുക്കി. ഇതിനിടെ അടുത്ത മെഷീനും പണിമുടക്കി. വൈകാതെ ഇവിടെ ഉണ്ടായിരുന്ന 4 മെഷീനുകളും പ്രവർത്തനരഹിതമായി. ഇതോടെ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. 

സബ് കലക്ടർ സച്ചിൻ യാദവ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി ചർച്ച നടത്തി. പ്രശ്നം ഉടൻ പരിഹരിച്ച് നഷ്ടപ്പെട്ട സമയം അധികം അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഒടുവിൽ 4 മണിക്കൂറിന് ശേഷമാണ് പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടിങ് പുനരാരംഭിക്കാനായത്. എടപ്പാളിലെ പൊന്നാനി ഐസിഡിഎസ് ഓഫിസിൽ പ്രവർത്തിക്കുന്ന 99–ാം നമ്പർ ബൂത്തിൽ ആളുമാറി വോട്ട് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. എടപ്പാൾ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി അറിഞ്ഞത്. ഇതോടെ ഇവർ പരാതിയുമായി രംഗത്തെത്തി. പരിശോധനയിൽ നടുവട്ടം ബൂത്തിൽ വോട്ടുള്ള ഇതേ പേരിലുള്ള മറ്റൊരു ഡോക്ടർ ഇവരുടെ പേരിലുള്ള വോട്ട് ചെയ്തതാണെന്ന് ബോധ്യപ്പെട്ടു.

പന്താവൂർ ജനത എഎൽപി സ്കൂളിൽ വോട്ട് ചെയ്ത സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ, 2) ആലങ്കോട് ശഫീഖുൽ ഇസ്‌ലാം സെക്കൻഡറി മദ്രസയിൽ വോട്ട് രേഖപ്പെടുത്തി പി.നന്ദകുമാർ എംഎൽഎ പുറത്തുവരുന്നു.
പന്താവൂർ ജനത എഎൽപി സ്കൂളിൽ വോട്ട് ചെയ്ത സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ, 2) ആലങ്കോട് ശഫീഖുൽ ഇസ്‌ലാം സെക്കൻഡറി മദ്രസയിൽ വോട്ട് രേഖപ്പെടുത്തി പി.നന്ദകുമാർ എംഎൽഎ പുറത്തുവരുന്നു.

ഇതേ തുടർന്ന് റിട്ടേണിങ് ഓഫിസർ ഇടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ചങ്ങരംകുളം ∙ വളയംകുളം എംവിഎം സ്കൂളിൽ യന്ത്ര തകരാർ മൂലം വോട്ടെടുപ്പ് തുടങ്ങാൻ ഒരുമണിക്കൂർ വൈകി. ചിയാനൂർ എഎംഎൽപി സ്കൂളിൽ വിവിപാറ്റ് മെഷീൻ തകരാറായതിനെ തുടർന്ന് ഒന്നര മണിക്കൂർ വോട്ടെടുപ്പ് തടസ്സപ്പെട്ടു. വളയംകുളത്ത് യന്ത്രത്തകരാർ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങുമ്പോഴേക്കും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിര‍ രൂപപ്പെട്ടു. ചിയാനൂർ എഎംഎൽപി സ്കൂളിൽ‍ മൂന്നു മണിക്ക് തടസ്സപ്പെട്ട വോട്ടെടുപ്പ് വിവിപാറ്റ് യന്ത്രം മാറ്റി സ്ഥാപിച്ചാണ് ആരംഭിച്ചത്.  തവനൂർ ∙ മദിരശ്ശേരി ഹിദായത്തുൽ ഇസ്‌ലാം മദ്രസയിലെ 58 നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി. രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് യന്ത്രം തകരാറിലായത്. 1485 വോട്ടർമാരുള്ള ബൂത്തിൽ രാവിലെ 7ന് തന്നെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് അരമണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. 

ആധാർ കാർഡിന്റെ ഒറിജിനൽ ഇല്ല; പോട്ടൂരിൽ  വോട്ട് നിഷേധിച്ചു
∙ വട്ടംകുളം പോട്ടൂരിലെ ബൂത്തിൽ ആധാർ കാർഡിന്റെ ഒറിജിനൽ ഇല്ലെന്ന് പറഞ്ഞ് യുവതിയ്ക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. വോട്ടിങ് അവസാനിക്കാൻ അൽപ സമയം ബാക്കി നിൽക്കെയാണ് യുവതി വോട്ട് ചെയ്യാനായി എത്തിയത്. എന്നാൽ ഒറിജിനൽ തിരിച്ചറിയൽ രേഖ വേണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെ വോട്ട് ചെയ്യാനായില്ല. ഇതുസംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തു. പിന്നീട് ഇവർ വോട്ട് ചെയ്യാതെ മടങ്ങിയതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചത്.വോട്ടെടുപ്പിന്റെ നിശ്ചിത സമയം പിന്നിട്ടതോടെയാണ് 6 മണിക്ക് ശേഷം  432 പേർക്കാണ് ടോക്കൺ നൽകി വോട്ടെടുപ്പ് നടത്തിയത്.എരമംഗലം ദാറുസ്സലാമത്ത് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 160, 161 ബൂത്തുകളിലും വൈകിട്ടും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 234 പേർക്കാണ് ഇൗ ബൂത്തുകളിൽ ടോക്കൺ നൽ‍കിയത്.  രാത്രി 9ന് ഇൗ ബൂത്തുകളിൽ എത്തിയ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയാണ് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com