ADVERTISEMENT

കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്ന് ഇടിച്ചതിനെ തുടർന്ന് വിള്ളൽ സംഭവിച്ച ഭൂമിയിലെ അറ്റകുറ്റപ്പണി പ്രദേശവാസികൾ തടഞ്ഞു. കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ ഭൂമി വിണ്ടുകീറിയ ഭാഗങ്ങൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്താനുള്ള കരാർ കമ്പനിയുടെ ശ്രമമാണ് വീട്ടുടമകൾ തടഞ്ഞത്. ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ സംഘം പ്രദേശത്ത് പരിശോധന നടത്തിയ ശേഷം വിണ്ടുകീറിയ ഭാഗങ്ങളിൽ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്താൻ നിർദേശം നൽകുകയായിരുന്നു.

എന്നാൽ റോഡ് നിർമാണത്തിലെ അപാകതയെ തുടർന്ന് പ്രദേശത്തെ വീടുകളും ഭൂമിയും വിണ്ടുകീറിയ സംഭവത്തിൽ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നഷ്ടപരിഹാരം അടക്കമുള്ളവ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഭൂമിയിലെ വിള്ളൽ മാത്രം നികത്തുന്നത് അനുവദിക്കില്ലെന്ന് നിലപാടിലായിരുന്നു കേടുപാടുകൾ പറ്റിയ വീടുകളിലെ കുടുംബങ്ങൾ.  പ്രദേശത്തെ മണ്ണു പരിശോധന അടക്കമുള്ളവയുടെ ഭാഗമാണിതെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും കുടുംബങ്ങൾ അനുവദിച്ചില്ല.

സ്ഥലം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ അലോചിച്ച ശേഷമേ ഇത്തരം തീരുമാനം എടുക്കാൻ കഴിയൂ എന്ന നിലപാടിലായിരുന്നു കുടുംബങ്ങൾ.  കെഎൻആർസിഎൽ എംഡി വേണുഗോപാൽ റെഡ്ഢി, പ്രോജക്ട് കോഓർഡിനേറ്റർ വെങ്കിട് റെജഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിന്നീട് സ്ഥലം സന്ദർശിച്ചു. 

കഴിഞ്ഞ ദിവസം ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.  നേരത്തേ 5 വീടുകൾക്കാണ് വിള്ളൽ കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോൾ സമീപത്തെ മറ്റൊരു വീടിനുകൂടി വിള്ളൽ സംഭവിച്ചിട്ടുണ്ട്. കേടുപാടുകൾ പറ്റിയ വീടുകളിലുള്ളവർ ദേശീയപാത അതോറിറ്റിയുടെ ചെലവിൽ വാടകവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com