ഇന്ത്യനൂർ വൈദ്യുതി സെക്‌ഷൻ ഓഫിസ്: പ്രവർത്തനം തുടങ്ങാതെ 9 വർഷം; നടപടിയില്ല
Mail This Article
കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ വൈദ്യുതി സെക്‌ഷൻ ഓഫിസ് വിഭജിച്ച് ഇന്ത്യനൂർ സെക്‌ഷൻ രൂപീകരിച്ചിട്ട് 9 വർഷം. സംസ്ഥാനത്ത് ഇതേസമയം അനുവദിച്ച 32 സെക്‌ഷനുകൾ പ്രവർത്തനം തുടങ്ങിയിട്ടും ഇന്ത്യനൂർ സെക്‌ഷൻ മാത്രം തുടങ്ങിയില്ല. മുപ്പതിനായിരത്തിൽപരം ഉപയോക്താക്കളുള്ള കോട്ടയ്ക്കൽ സെക്‌ഷൻ പരിമിതികളാൽ വീർപ്പുമുട്ടുകയാണ്. ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന സമയത്താണ് വലിയ സെക്‌ഷനുകൾ വിഭജിച്ച് പുതിയ ഓഫിസുകൾ തുടങ്ങാൻ തീരുമാനിച്ചത്. ഇന്ത്യനൂർ ഓഫിസിനായി ഇന്ത്യനൂരിലും പിന്നീട് വില്ലൂരിലും സ്ഥലം കണ്ടെത്തി. വില്ലൂരിലെ സ്വകാര്യ കെട്ടിടത്തിന്റെ വാടക 3 വർഷത്തേക്കു നൽകാമെന്ന് നഗരസഭ വകുപ്പിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.
നഗരസഭയ്ക്കു പുറമേ പറപ്പൂർ, ഒതുക്കുങ്ങൽ, പൊൻമള, മാറാക്കര എന്നീ പഞ്ചായത്തുകളിലെ ഉപയോക്താക്കളും കോട്ടയ്ക്കൽ സെക്‌ഷനു കീഴിൽ വരുന്നുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഓഫിസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. 3 ലൈൻമാൻമാരുടെയും 4 വർക്കേഴ്സിന്റെയും ഒഴിവുകൾ നികത്താതെ കിടക്കുകയാണ്. ഓഫിസ് സ്റ്റാഫിന്റെ അഭാവവുമുണ്ട്. കൈപ്പള്ളിക്കുണ്ട് റോഡിലെ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.