നിക്ഷേപത്തട്ടിപ്പ്: ജില്ലയിലെ കേസ് ഒത്തുതീർപ്പിലേക്ക്

Mail This Article
നിലമ്പൂർ∙ ടോൾ ഡീൽ വെഞ്ചേഴ്സ് നിക്ഷേപത്തട്ടിപ്പിൽ ജില്ലയിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഏക കേസ് ഒത്തുതീർപ്പിലേക്ക്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിയ്യൂർ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.എടക്കര പഞ്ചായത്ത് മുൻ വനിതാ അംഗമാണ് പരാതിക്കാരി. ഇതര ജില്ലകളിലെ കേസുകളിൽ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കാളികാവ് പാലക്കത്തൊടി മുഹമ്മദ് ഫൈസലിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി.ബാബു സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് 21ന് നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്.
2019 ൽ നിക്ഷേപിച്ച 1.16 കോടി രൂപ തിരികെ നൽകിയില്ലെന്നാണ് യുവതിയുടെ പരാതി. 2021 വരെ മാസം 3% ലാഭവിഹിതം കിട്ടിയിരുന്നു. പിന്നീട് മുടങ്ങിയതിനെത്തുടർന്ന് 2023ൽ എടക്കര പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. പിന്നീട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. കൂട്ടുപ്രതികളായ ആസിഫ്, റിയാസ് ബാബു, ഹൈദരാലി എന്നിവർക്ക് കേസിൽ നേരത്തേ ജാമ്യം കിട്ടിയതായി ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഫൈസലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
പണം തിരികെ നൽകിയതായി പ്രതിയുടെ അഭിഭാഷകൻ പി.റഹീസ് കോടതിയെ അറിയിച്ചു. പരാതിക്കാരി അനുകൂല സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റഡി അപേക്ഷ നിരസിച്ച മജിസ്ട്രേട്ട് സാറ ഫാത്തിമ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേസ് മാറ്റിവച്ചശേഷം ഇന്നലെ വീണ്ടും പരിഗണിച്ചു. തുടർന്ന് വിധി പറയാൻ നാളേക്ക് മാറ്റിവച്ചു. നിക്ഷേപം തിരികെ കിട്ടാനുണ്ടെന്നു പറഞ്ഞ് ഏതാനും പേർ പ്രതിയെ ഹാജരാക്കിയപ്പോൾ കോടതിയിൽ എത്തിയിരുന്നു.