ADVERTISEMENT

നിലമ്പൂർ ∙ നമ്മുടെ കാട്ടിലെത്ര ആനയുണ്ട്? കണക്കെടുപ്പ് ഇന്നു തുടങ്ങും. കാട്ടിലെ വിദൂര സ്ഥലങ്ങളിലേക്കുള്ള സംഘങ്ങൾ ഇന്നലെത്തന്നെ കാട്ടിൽ പ്രവേശിച്ചു. മറ്റുള്ളവർ ഇന്നു പുറപ്പെടും. ഇന്നു രാവിലെ 7ന് ആരംഭിക്കുന്ന സർവേ 25ന് വൈകിട്ട് 4നു സമാപിക്കും.  നിലമ്പൂരിൽ നിന്ന് 125 കിലോമീറ്റർ അകലെ ഊട്ടിക്കു സമീപത്തു മുക്കുറുത്തി ദേശീയ പാർക്കിനോടു ചേർന്ന കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഭാഗങ്ങളിലേത് അടക്കമുള്ള സംഘങ്ങളാണ് ഇന്നലെ കാട്ടിൽ പ്രവേശിച്ചത്. ഇവർ നീലഗിരി വഴി വാഹനത്തിൽ പോയി തമിഴ്നാട്ടിലെ വനമേഖലയിലൂടെ 10 കിലോമീറ്ററോളം നടന്നാണു നിർദിഷ്ട പ്രദേശത്തെത്തിയത്. കിലോമീറ്ററുകളോളം കാട്ടിലൂടെ നടന്ന് എത്തേണ്ട മാനിക്കരയടക്കമുള്ള പ്രദേശങ്ങളിലേക്കും സംഘങ്ങൾ ഇന്നലെയെത്തി. കണക്കെടുപ്പിനനുള്ള രേഖകളും ഉപകരണങ്ങളും കൂടാതെ താമസ സൗകര്യത്തിനും ഭക്ഷണത്തിനും ആവശ്യമായ സാധനങ്ങൾ കൂടി ചുമന്നാണ് സംഘങ്ങൾ പുറപ്പെട്ടത്.

ദക്ഷിണേന്ത്യയിലാകെ നടക്കുന്ന കാട്ടാന കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നിലമ്പൂർ എലിഫന്റ് റിസർവിലെ നോർത്ത്, സൗത്ത് ഡിവിഷനുകളിലാണ് പഠനം. കാട്ടിലെ 5 ചതുരശ്ര കിലോമീറ്റർ വരുന്ന ഭാഗങ്ങളെ ഓരോ ബ്ലോക്കുകളായി തിരിച്ചാണു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലേക്കും 5ൽ കുറയാത്ത അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണുണ്ടാവുക. ഇവർ ആനകളുടെ എണ്ണം, ഉയരം, ലിംഗം എന്നിവയ്ക്കു പുറമേ ആനപ്പിണ്ടത്തിന്റെയും ആനകളെത്തുന്ന ജലാശയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടെയാണു ശേഖരിക്കുക. സെൻസസ് സംഘങ്ങൾക്കുള്ള പരിശീലനം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. കരട് റിപ്പോർട്ട് അടുത്ത മാസം 23നും അന്തിമ റിപ്പോർട്ട് ജൂലൈ ഒൻപതിനും വനം വകുപ്പിന് സമർപ്പിക്കും.

ദക്ഷിണേന്ത്യയിൽ കാട്ടാന സെൻസസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കരുളായി ഉച്ചക്കുളം വാച്ച് ടവറിനു സമീപമെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.അംജിത്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഫിറോസ് വട്ടത്തൊടി എന്നിവർ കാട്ടാനയെ കണ്ട സ്ഥലത്തു പരിശോധന നടത്തുന്നു. ചിത്രം: മനോരമ
ദക്ഷിണേന്ത്യയിൽ കാട്ടാന സെൻസസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കരുളായി ഉച്ചക്കുളം വാച്ച് ടവറിനു സമീപമെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.അംജിത്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഫിറോസ് വട്ടത്തൊടി എന്നിവർ കാട്ടാനയെ കണ്ട സ്ഥലത്തു പരിശോധന നടത്തുന്നു. ചിത്രം: മനോരമ

ജില്ലയിൽ നിലമ്പൂർ നോർത്ത് ഡിവിഷനിൽ 27, നിലമ്പൂർ സൗത്ത് ഡിവിഷനിൽ 17 വീതം ബ്ലോക്കുകളാണുള്ളത്. ഇതിനു പുറമേ വയനാട് ,ആനമുടി, പെരിയാർ എലിഫന്റ് റിസർവുകളിലും കണക്കെടുപ്പ് നടക്കുന്നുണ്ട്. 610 ബ്ലോക്കുകളിൽ നടക്കുന്ന കണക്കെടുപ്പിൽ ആകെ 1300 ഉദ്യോഗസ്ഥർ പങ്കെടുക്കും. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വനം വകുപ്പും ഈ ദിവസങ്ങളിൽത്തന്നെ അവരുടെ പരിധിയിൽ കാട്ടാനകളുടെ എണ്ണമെടുക്കും. 

ദക്ഷിണേന്ത്യയിൽ കാട്ടാന സെൻസസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കരുളായി ഉച്ചക്കുളം വാച്ച് ടവറിനു സമീപമെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ.മുജീബ് റഹ്മാനും ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.അംജിതും കാട്ടാനയെ കണ്ടെത്തിയ സ്ഥലം മൊബൈലിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തുന്നു. ചിത്രം: മനോരമ
ദക്ഷിണേന്ത്യയിൽ കാട്ടാന സെൻസസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കരുളായി ഉച്ചക്കുളം വാച്ച് ടവറിനു സമീപമെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ.മുജീബ് റഹ്മാനും ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.അംജിതും കാട്ടാനയെ കണ്ടെത്തിയ സ്ഥലം മൊബൈലിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തുന്നു. ചിത്രം: മനോരമ

‘കണക്കു ബോധിപ്പിക്കാൻ’ നേരിട്ടെത്തി കാട്ടാനക്കൂട്ടം
കണക്കെടുപ്പിന്റെ ഒരുക്കത്തിനെത്തിയ വനപാലക സംഘത്തിനു മുന്നിൽ കാട്ടാനക്കൂട്ടം. കരിമ്പുഴ വന്യജീവി സംഘത്തിലെ കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉച്ചക്കുളം വാച്ച് ടവറിനു സമീപത്തെ വയലിൽ വച്ചാണു കുട്ടിയാന അടക്കമുള്ള കൂട്ടത്തെ കണ്ടത്. പിന്നിൽ നടന്ന രണ്ടു പിടിയാനകളെയാണ് നേരിട്ട് കാണാനായത്. ഇവ പിന്നീട് ഉൾക്കാട്ടിലേക്കു മറഞ്ഞു. 

കരുളായി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ, പടുക്ക സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർ ജി.അംജിത്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എ.ഷാജഹാൻ, ഫിറോസ് വട്ടത്തൊടി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.എസ്.അനൂപ് നാഥ്, ഇ.എൻ.ദേവദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സ്വന്തം പണം ചെലവഴിച്ച്, ജീവൻ പണയംവച്ച്...
നിലമ്പൂർ ∙ അത്യന്തം അപകടകരമായ ചുറ്റുപാടിലാണു വനം ഉദ്യോഗസ്ഥർ കാട്ടാനകളുടെ കണക്കെടുപ്പു നടത്തുന്നത്. കാട്ടാനകളെ നേരിട്ടു കാണാൻ പോകുന്ന സംഘാംഗങ്ങൾക്കു പ്രത്യേകിച്ചു സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. സുരക്ഷിത അകലത്തിൽ നിന്നു നിരീക്ഷിക്കുകയേ ചെയ്യാനുള്ളൂ. വന്യമൃഗ ഭീഷണിക്കു പുറമേ കനത്ത മഴയും വെല്ലുവിളിയാണ്. 

നിലമ്പൂർ കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആനകൾക്കു പുറമേ കടുവ, പുലി, കരടി ഉൾപ്പെടെയുള്ള മൃഗങ്ങളും നിലമ്പൂർ കാടുകളിലുണ്ട്. ഇവിടേക്കാണു തികച്ചും നിരായുധരായി ഉദ്യോഗസ്ഥരും വാച്ചർമാരും ഉൾപ്പെട്ട സംഘം എത്തേണ്ടത്. മൃഗങ്ങളെ വിരട്ടിയോടിക്കാൻ പടക്കം പോലും നൽകിയിട്ടില്ല. അപകടത്തിൽപ്പെട്ടാൽ പുറംലോകത്തെ അറിയിക്കാൻ വാർത്താവിനിമയ സംവിധാനമില്ല; മൊബൈൽ ഫോണിനു റേഞ്ച് കിട്ടുന്ന സ്ഥലം തേടിക്കണ്ടെത്തണം.

മൂന്നു ദിവസത്തെ കണക്കെടുപ്പിൽ, രണ്ടു രാത്രി കാട്ടിൽ തങ്ങണം. വിദൂര മേഖലകളിലേക്കു നിയോഗിച്ചവർ ഇന്നലെ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്.. ഉൾവനങ്ങളിൽ മഴ ശക്തിപ്രാപിച്ചു. മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. സംഘാംഗങ്ങൾക്ക് ഉറങ്ങാൻ ടെന്റുകൾ നൽകിയിട്ടില്ല. സ്വന്തം പണം ചെലവഴിച്ചു വാങ്ങിയ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി ടെന്റ് ഉണ്ടാക്കണം. മൂന്നു ദിവസത്തേക്കു ഭക്ഷണസാധനങ്ങൾ വാങ്ങിയതു പോലും സ്വന്തം കീശയിൽനിന്നു പണമെടുത്താണ്.

ചിലർക്കു മേലധികാരികൾ സ്വന്തം നിലയ്ക്കു സാധനങ്ങൾ വാങ്ങിക്കൊടുത്തിട്ടുണ്ട്.2023ൽ കണക്കെടുപ്പിനു ചെലവാക്കിയ പണം ഉദ്യോഗസ്ഥർക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥരോട് ജാേലിയുടെ ഭാഗമായതിനാൽ ചെയ്തേ മതിയാകൂ എന്നായിരുന്നു മേലുദ്യോഗസ്ഥരുടെ മറുപടി.

സെൻസസ് കൗതുകങ്ങൾ

സംഘം
ഒരു സംഘത്തിൽ കുറഞ്ഞത് 5 പേർ. ആവശ്യമെങ്കിൽ കൂടുതൽപേർ. ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അല്ലെങ്കിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഒരു റിസർവ് വാച്ചർ, കുറഞ്ഞതു 3 താൽക്കാലിക വാച്ചർമാർ. ദുർഘട പ്രദേശങ്ങളിലേക്കുള്ള സംഘത്തിലേക്കാണെങ്കിൽ ഉദ്യോഗസ്ഥരുടെയും വാച്ചർമാരുടെയും എണ്ണം കൂടും.

ഭക്ഷണം
രാവിലെയും രാത്രിയും പാചകം ചെയ്തു കഴിക്കാവുന്ന രൂപത്തിലുള്ള ഭക്ഷണം (കഞ്ഞി, ചോറ്, ഉപ്പുമാവ് തുടങ്ങിയവയും പയറുകറിയും മറ്റും). കണക്കെടുപ്പ് സമയത്ത് പഴം, ഈത്തപ്പഴം, ബിസ്കറ്റ് തുടങ്ങിയ ലഘു ഭക്ഷണം.

താമസം
കാടിനുള്ളിൽ അനുയോജ്യമായ സ്ഥലത്ത് ടെന്റ് കെട്ടിയോ ഷീറ്റ് വലിച്ചുകെട്ടിയോ ആണു താമസസൗകര്യം ഒരുക്കുന്നത്. വേനൽമഴ ഇവർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, തെക്കേ ഇന്ത്യയിലെ മൊത്തം കണക്കെടുപ്പ് ഒരേസമയം നടക്കുന്നതിനാൽ മാറ്റിവയ്ക്കാനാവില്ലെന്നാണ് അറിയിപ്പ്. വനത്തിനുള്ളിലെ വനംവകുപ്പിന്റെ താമസസൗകര്യങ്ങളും പ്രയോജനപ്പെടുത്തും. 

ആശയവിനിമയം
ഉൾക്കാട്ടിൽ വോക്കി ടോക്കി ഉപയോഗിക്കും. റേഞ്ച് ഉള്ള സ്ഥലങ്ങളിൽ മൊബൈൽ ഫോണും.

മൂന്നു ദിവസം, മൂന്നു രീതി

ഒന്നാം ദിവസം
ഓരോ ബ്ലോക്കിലും സംഘങ്ങൾ തലങ്ങും വിലങ്ങും (സിഗ് സാഗ്) സഞ്ചരിച്ചു നിരീക്ഷണം നടത്തും. കാണുന്ന ആനകളുടെ ആകെ എണ്ണം രേഖപ്പെടുത്തും. ആൺ, പെൺ ഇനങ്ങൾ, മുതിർന്നവ, ഇടത്തരം, ഇളമുറക്കാർ, മോഴ, കുട്ടികൾ, തിരിച്ചറിയാത്തവ എന്നിവയുടെ വിവരങ്ങൾ പ്രത്യേകം എടുക്കും. ആനകളെ കണ്ടയിടത്തെ ജിപിഎസ് റീഡിങ്, ആവാസ വ്യവസ്ഥയുടെ പ്രത്യേകത, സഞ്ചാരദിശ, വനത്തിന്റെ സ്വഭാവം എന്നിവയും പ്രത്യേകം രേഖപ്പെടുത്തും. 

രണ്ടാം ദിവസം 
അതേ ബ്ലോക്കിനകത്ത് 1.5 കിലോമീറ്റർ നേർരേഖയിൽ സഞ്ചരിച്ച് ആനപ്പിണ്ടത്തിന്റെ കണക്കെടുക്കും. 50 മീറ്റർ നീളമുള്ള കയർ പിടിച്ച് വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെ നേർരേഖ കണക്കാക്കിയാണു നടക്കുക. ഈ നടത്തത്തിനിടെ ഇരുവശത്തും കാണുന്ന ആനപ്പിണ്ടങ്ങളാണു പരിശോധിക്കുക. നേർരേഖയിൽ നിന്നു പിണ്ടത്തിന്റെ മധ്യത്തിലേക്കുള്ള ദൂരം സെന്റിമീറ്ററിൽ അടയാളപ്പെടുത്തും. പിണ്ടം പുതിയതാണോ പഴയതാണോ വളരെ പഴയതാണോ എന്നും രേഖപ്പെടുത്തും.

‌മൂന്നാം ദിവസം
ബ്ലോക്കിന്റെ പരിസരത്ത് ആനകൾ എത്തുന്ന ജലസ്രോതസ്സുകളിലാണു പരിശോധന. ഇവിടെയെത്തുന്ന ആനകളുടെ എണ്ണം, പ്രായം, ആൺ, പെൺ, അവയെ കണ്ട സമയം എന്നിവ രേഖപ്പെടുത്തും. ഫോട്ടോയും പകർത്തും.ജില്ലയിൽ നിന്ന് 3 ദിവസങ്ങളിലായി ശേഖരിക്കുന്ന വിവരങ്ങൾ വനം ഡിവിഷൻ ഓഫിസുകൾ വഴി പറമ്പിക്കുളം കടുവ സങ്കേത അധികൃതർക്ക് കൈമാറും. ഈ വിവരങ്ങൾ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് അവലോകനം ചെയ്താണു കാട്ടാനകളുടെ എണ്ണവും മറ്റു പ്രത്യേകതകളും തയാറാക്കുന്നത്.  

English Summary:

Elephant Census Begins in Nilambur: Teams Brave Dense Forests for Accurate Count

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com