ADVERTISEMENT

വരൾച്ചയിൽ കഴിയുന്ന പൊന്നാനിക്കും തിരൂർ താലൂക്കിനും ചമ്രവട്ടം റഗുലേറ്റർ ഇനിയും എത്രയോ അകലെയാണ്. പദ്ധതിയുടെ പേരിൽ കിട്ടാവുന്നതിനെക്കാൾ കൂടുതൽ പണം സർക്കാരിൽനിന്ന് ഉൗറ്റിയെടുത്തു കഴിഞ്ഞു. എന്നിട്ടും പദ്ധതി എന്ന് യാഥാർഥ്യമാകുമെന്ന് ഉദ്യോഗസ്ഥർക്കറിയില്ല. പണി തീർക്കാനാകുമോയെന്ന് കരാറുകാർക്കും ഉറപ്പില്ല. പണക്കൊതി മൂത്ത് ഒരു ജനതയുടെ കുടിവെള്ളം മുട്ടിച്ചതാരാണ്? വലിയൊരു പദ്ധതി ഒന്നുമല്ലാതാക്കിയതിന്റെ നാൾവഴികളിലൂടെ ഒരു അന്വേഷണം.

പൊന്നാനി ∙ തീരദേശത്തിന്റെ ദാഹമകറ്റാൻ സർക്കാർ നടപ്പാക്കിയ ചമ്രവട്ടം പദ്ധതി വീണ്ടും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഡൽഹി ഐഐടിയിലെ വിദഗ്ധർ തയാറാക്കിയ പദ്ധതിയിൽ പൊളിച്ചെഴുത്ത് നടത്തിയാണ് അട്ടിമറി നടന്നിരിക്കുന്നത്. സർക്കാർ ഉത്തരവോ പഠന റിപ്പോർട്ടോ ഇല്ലാതെ നിമിഷനേരം കൊണ്ട് ഷീറ്റുകളുടെ നിലവാരം മാറ്റി. ഭാരതപ്പുഴയുടെ ശക്തിയും വെള്ളത്തിന്റെ ഒഴുക്കും കണക്കാക്കിയുള്ള പദ്ധതിയിലാണ് ഒരു ഭയവും കൂടാതെ വൻ തിരിമറി നടത്തിയിരിക്കുന്നത്. ഉറപ്പുള്ള ഷീറ്റുകൾക്കു പകരം ആരുമറിയാതെ ഉറപ്പുകുറഞ്ഞ ഷീറ്റുകൾ സ്ഥാപിച്ചുവച്ചത് ഒൗദ്യോഗിക രേഖകളിൽനിന്നു വരെ മാ‌റ്റി. ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവന്നത്. ആത്മാർഥതയോടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇതിനെല്ലാം അധികാര കേന്ദ്രങ്ങളിൽനിന്ന് ഒത്താശയും കിട്ടി. ചമ്രവട്ടം പദ്ധതിയിൽ അടുത്തൊന്നും ജലസംഭരണം സാധ്യമാകില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. 

അട്ടിമറിക്കപ്പെട്ടതെങ്ങനെ?
ഭാരതപ്പുഴയിൽ 4 മീറ്റർ ഉയരത്തിൽ ജലം സംഭരിക്കാൻ ഡൽഹി ഐഐടിയിലെ വിദഗ്ധർ നിർദേശിച്ച ഷീറ്റുകൾ ചമ്രവട്ടത്തേക്ക് എത്തിയില്ല. പകരം വന്നത് ചൈനയിൽനിന്നുള്ള ഷീറ്റുകൾ. ഇൗ ഷീറ്റുകൾക്ക് ഇത്രയും ജലം സംഭരിച്ചുനിർത്താനുള്ള ശേഷിയുണ്ടാകുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ഡൽഹി ഐഐടിയിലെ വിദഗ്ധർ മാസങ്ങൾ നീണ്ട പഠനത്തിനൊടുവിൽ തയാറാക്കിയ പദ്ധതി എന്ത് അടിസ്ഥാനത്തിലാണ് അട്ടിമറിക്കപ്പെട്ടതെന്ന ചോദ്യം ശക്തമായിരിക്കുന്നു. ഗുണനിലവാരമുള്ള ഷീറ്റുകൾ സ്ഥാപിക്കേണ്ടിടത്ത് വിദേശത്തുനിന്ന് ഷീറ്റുകൾ കൊണ്ടുവന്ന് സ്ഥാപിച്ചത് ആരുടെ നിർദേശപ്രകാരമാണെന്നതും വരും ദിവസങ്ങളിൽ പരിശോധിക്കപ്പെടേണ്ടതാണ്. 

തിടുക്കം കാണിച്ചത് അഴിമതിക്കു മാത്രം
18 മാസം കൊണ്ട് തീർക്കേണ്ട പുനർനിർമാണ പദ്ധതി ഇപ്പോൾ  29 മാസം കഴിഞ്ഞു. ഇതുവരെയുള്ള നിർമാണ പുരോഗതി 39% മാത്രം. ഇതിനോടകം 10.53 കോടി രൂപ കരാറുകാർ കൈപ്പറ്റി. റഗുലേറ്ററിന്റെ മുകൾഭാഗത്ത് കരാറിലില്ലാത്ത പൈലിങ് പ്രവൃത്തി അധികമായി കരാറുകാർ ചെയ്തുവച്ചു. ഇതിന് സർക്കാർ അനുമതി കിട്ടുമെന്ന മുൻവിധിയോടെയാണ് പണികൾ ചെയ്തത്. പറഞ്ഞ പണി ചെയ്യാതെ പറയാത്ത പണി ചെയ്യാൻ കാണിച്ച തിടുക്കം നേരത്തേ ചോദ്യം ചെയ്യപ്പെട്ടതാണ്. 

ചമ്രവട്ടം പ്രോജക്ട് ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസറെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടിവ് എൻജിനീയർ സൂപ്രണ്ടിങ് എൻജിനീയർക്ക് അയച്ച കത്ത്.
ചമ്രവട്ടം പ്രോജക്ട് ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസറെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടിവ് എൻജിനീയർ സൂപ്രണ്ടിങ് എൻജിനീയർക്ക് അയച്ച കത്ത്.

ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥനെ കണക്കില്ലാതെ ദ്രോഹിച്ചു
ചമ്രവട്ടം പദ്ധതിയിൽ അട്ടിമറി ചൂണ്ടിക്കാട്ടിയ ഡിവിഷണൽ അക്കൗണ്ട്സ് ഓഫിസറെ പരമാവധി ദ്രോഹിച്ചു. ഇദ്ദേഹം താമസിക്കുന്ന ക്വാട്ടേഴ്സിൽ വന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. ഇദ്ദേഹത്തിനെതിരെ ഉൗമക്കത്തുകൾ പലതും വന്നു. വരുന്ന കത്തുകൾ ഫയൽ ചെയ്ത് നടപടിയെടുക്കാൻ തിടുക്കം കാണിച്ച് ഉന്നത ഉദ്യോഗസ്ഥരും പകതീർത്തു. വ്യക്തിജീവിതത്തിലേക്കു വരെ കടന്നാക്രമിച്ച ശേഷമാണ് ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസറെ  ചമ്രവട്ടം ഡിവിഷനൽ ഓഫിസിൽ‌നിന്ന് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റിയതിന്റെ കാണമായി ചൂണ്ടിക്കാണിക്കപ്പെട്ടതാണ് അതിലേറെ കൗതുകം. ചമ്രവട്ടം റഗുലേറ്ററിലെ ഷീറ്റ് പൈലുകൾക്ക് തൂക്കക്കുറവുണ്ടെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം  ധനകാര്യ വകുപ്പിനു കത്തയച്ചിരുന്നു. ഇതിന്മേൽ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ കാര്യാലയത്തിൽനിന്ന് അന്വേഷണവുമുണ്ടായി. ചമ്രവട്ടം പ്രോജക്ട് ഓഫിസിനെതിരെ അന്വേഷണം വരാനുണ്ടായ സാഹചര്യം ഒൗദ്യോഗികമായി ചൂണ്ടിക്കാണിച്ചു കൊണ്ടു തന്നെ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. ഇദ്ദേഹത്തെ പിന്തുണച്ച ക്ലാർക്കിനെയും കണക്കിന് ഉപദ്രവിച്ചു. ഇവരെയും സ്ഥലം മാറ്റി. കാരണങ്ങൾ ചോദിച്ച് പലതവണ ഉന്നതരെ കണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പരാതികൾ ഉന്നതരൊന്നും ചെവിക്കൊണ്ടില്ല. ഒടുവിൽ ഓഡിറ്റ് വിഭാഗം അഴിമതി കയ്യോടെ പൊക്കിയതോടെയാണ് ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസറുടെ ഇടപെടൽ ശരിയാണെന്നു തെളിഞ്ഞത്.

English Summary:

Chamravattom Regulator-cum-Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com