ADVERTISEMENT

മുംബൈ ∙ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ–ഓപ്പറേറ്റിവ് (പിഎംസി) ബാങ്കിൽ നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്ത ഹൗസിങ്  ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ)  ഇൗടു നൽകിയ സ്വത്തുകൾ വിൽക്കാൻ ബോംബെ ഹൈക്കോടതി 3 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ബാങ്ക് പ്രവർത്തനം ആർബിഐ മരവിപ്പിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ മലയാളികൾ അടക്കം ലക്ഷക്കണക്കിനു നിക്ഷേപകർക്ക് ആശ്വാസം പകരുന്നതാണ് കോടതി ഉത്തരവ്. 

റിട്ട. ഹൈക്കോടതി ജഡ‍്ജി  എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെ ജസ്റ്റിസുമാരായ ആർ.വി. മോറെ, എസ്.പി. താവഡെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഇതിനായി ചുമതലപ്പെടുത്തി. മറ്റ് 2 അംഗങ്ങളെ കമ്മിറ്റി അധ്യക്ഷൻ തീരുമാനിക്കും.  

വിഷയത്തിൽ അടുത്ത വാദം കേൾക്കുന്ന ഏപ്രിൽ 30നു മുൻപ് കമ്മിറ്റി സ്വീകരിച്ച നടപടികളുടെ സ്ഥിതിവിവര കണക്കുകൾ കോടതിയിൽ സമർപ്പിക്കണം. ആർതർ റോഡ് ജയിലിൽ കഴിയുന്ന എച്ച്ഐഡിഐഎൽ പ്രമോട്ടർമാരായ രാകേഷ് വധ്വാൻ, മകൻ സാരംഗ് വധ്വാൻ എന്നിവരെ അവരുടെ ബാന്ദ്രയിലെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാറ്റാനും കോടതി ജയിൽ സൂപ്രണ്ടിനു നിർദേശം നൽകി. വസ്തുക്കളുടെ മൂല്യനിർണയത്തിനും വിൽപന വേഗത്തിലാക്കാനും അത് ഉപകരിക്കുമെന്ന വിലയിരുത്തലോടെയാണ്  നിർദേശം. ബാങ്കിനു നൽകാനുള്ള പണത്തിനായി കമ്പനിയുടെ സ്വത്ത് വിൽക്കുന്നതിൽ എതിർപ്പില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരും ഡിസംബറിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിനു പിന്നാലെയാണ് പ്രതിസന്ധി പരിഹരിക്കാനായി കോടതി തുടർനടപടികൾ വേഗത്തിലാക്കിയത്.  എച്ച്ഐഡിഎൽ  4355 കോടി രൂപയാണ് ബാങ്കിൽ നിന്നു വായ്പ എടുത്തിട്ടുള്ളതെന്നാണ് എഫ്ഐആറിലെ വിവരം. ഇൗടു നൽകിയിരിക്കുന്ന സ്വത്തിന്റെ മൂല്യം  11,000 കോടിയെന്നാണ് വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com