ADVERTISEMENT

മുംബൈ∙ കോവിഡ് വാക്‌സീൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഇന്നലെ വാക്‌സിനേഷൻ മുടങ്ങി. വയോധികരടക്കം ഒട്ടേറെ പേരാണ് മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം വാക്‌സീൻ തീർന്നെന്ന വിവരം അറിഞ്ഞ് നിരാശരായി മടങ്ങിയത്. മുംബൈ, പുണെ നഗരങ്ങളിലെ ഒട്ടേറെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തിവച്ചു. പൻവേൽ, സത്താറ, സാംഗ്ലി എന്നിവിടങ്ങളിൽ വാക്‌സിനേഷൻ പൂർണമായും നിർത്തിവച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. ബുൽഡാന ജില്ലയിൽ ഒരു ദിവസത്തേക്കു മാത്രമുള്ള സ്‌റ്റോക്കാണ് ശേഷിക്കുന്നത്. ഗോണ്ടിയ, ചന്ദ്രാപുർ എന്നിവിടങ്ങളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഡോസുകളും തീർന്നുവെന്നാണ് സൂചന.

കേന്ദ്രം കൂടുതൽ വാക്‌സീൻ ഡോസുകൾ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്‌സിനേഷൻ 7 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന് തോപ്പെ പറഞ്ഞു. ഒരാഴ്ചത്തേക്കുള്ള ഡോസുകൾ എങ്കിലും അടിയന്തരമായി അനുവദിക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ അറിയിച്ച 7.5 ലക്ഷം ഡോസിനു പകരം 17 ലക്ഷം വാക്‌സീൻ ഡോസ് അനുവദിക്കുന്നതായി കേന്ദ്രം ഇപ്പോൾ അറിയിച്ചെങ്കിലും അതും അപര്യാപ്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം 15നു ശേഷമേ അടുത്ത റിലീസ് ഓർഡർ ഇറങ്ങൂ എന്നതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച ഡോസുകളും വൈകും. അതു നേരത്തെയാക്കണമെന്നാണ് കേന്ദ്രത്തോട് അഭ്യർഥിക്കാനുള്ളത്-തോപ്പെ പറഞ്ഞു.

നേരത്തെ റജിസ്റ്റർ ചെയ്തവർക്കു മാത്രം വാക്സീൻ

മുംബൈയിലെ 120 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 26 എണ്ണത്തിലും ഇതിനകം കോവിഡ് വാക്‌സീൻ ഡോസുകൾ തീർന്നു. 45 കേന്ദ്രങ്ങളിലെ ഡോസുകൾ ഇന്നത്തോടെ തീരുമെന്നു അഡീഷനൽ മുനിസിപ്പൽ കമ്മിഷണർ സുരേഷ് കകാനി പറഞ്ഞു. കൂടുതൽ ഡോസുകൾ നേരത്തേ വിതരണം ചെയ്തില്ലെങ്കിൽ, മുംബൈയിലെ എല്ലാ വാക്‌സിനേഷൻ സെന്ററുകളും നിർത്തിവയ്‌ക്കേണ്ടിവരും. സെന്ററുകളിൽ ചെല്ലുമ്പോൾ വാക്‌സിനേഷൻ നിർത്തിവച്ചു എന്ന ബോർഡു കണ്ടു മടങ്ങുകയാണ് ജനങ്ങൾ. പല സെന്ററുകളും ഇപ്പോൾ നേരത്തെ റജിസ്റ്റർ ചെയ്തവർക്കു മാത്രമായി വാക്‌സിനേഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്നലെ മുംബൈയിലെ ബികെസിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി.

പുണെയിലെ 109 വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചു

വാക്‌സീൻ ക്ഷാമം കാരണം പുണെയിലെ 109 വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചുവെന്ന് എൻസിപി നേതാവ് സുപ്രിയ സുളെ എംപി പറഞ്ഞു. വാക്‌സിനേഷൻ എടുക്കാതെ ഒട്ടേറെ പേർക്ക് സ്വന്തം നാടുകളിലേക്കു മടങ്ങേണ്ടിവന്നുവെന്നും ചൂണ്ടിക്കാട്ടി. ആകെ 391 വാക്‌സിനേഷൻ സെന്ററുകളാണ് പുണെയിൽ ഉള്ളത്.

പൻവേലിലും വാക്സീൻ ക്ഷാമം

വാക്‌സീൻ ക്ഷാമം മൂലം പൻവേലിൽ വാക്‌സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവച്ചതായി പൻവേൽ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. എല്ലാ സർക്കാർ, സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളും അടച്ചു. പുതിയ സ്റ്റോക്ക് എത്തിക്കഴിഞ്ഞാൽ കേന്ദ്രങ്ങൾ വീണ്ടും തുറക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

കേന്ദ്രം വിവേചനം കാട്ടുന്നു: ആരോഗ്യമന്ത്രി

വാക്‌സീൻ ഡോസുകൾ അനുവദിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിവേചനം കാട്ടുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് കൂടുതൽ വാക്‌സീൻ ഡോസുകൾ ലഭിക്കുന്നത്. ഏറ്റവുമൊടുവിൽ യുപിക്ക് 48 ലക്ഷം, മധ്യപ്രദേശിന് 40 ലക്ഷം, ഗുജറാത്തിന് 30 ലക്ഷം, ഹരിയാനയ്ക്ക് 24 ലക്ഷം എന്ന കണക്കിൽ അനുവദിച്ചപ്പോൾ ഏറ്റവും കുറവ് വാക്‌സീൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തിനു അനുവദിച്ചത്.

റിലീസ് ഓർഡർ കണ്ടയുടൻ താൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനോട് സംസാരിക്കുകയും എന്തുകൊണ്ടാണ് സംസ്ഥാനത്തോട് ഈ വിവേചനം കാട്ടുന്നതെന്ന് ആരായുകയും ചെയ്തു. 12 കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനമാണിത്.പ്രതിദിനം 6 ലക്ഷം പേർക്കാണ് നാം വാക്‌സിനേഷൻ നൽകുന്നത്. അതിനായി പ്രതിവാരം 40 ലക്ഷം ഡോസുകൾ ആവശ്യമുണ്ട്-മന്ത്രി ചൂണ്ടിക്കാട്ടി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com