ADVERTISEMENT

മുംബൈ∙ കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ നഗരത്തിൽ നിന്ന് കൂട്ട പലായനം. സമ്പൂർണ ലോക്ഡൗൺ ഭയന്ന് കിട്ടുന്ന വാഹനങ്ങളിൽ സ്വന്തം നാടുപിടിക്കുകയാണ് അതിഥി തൊഴിലാളികൾ.  കുർള എൽടിടി ടെർമിനസിൽ നിന്ന് യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകൾ  അതിഥി തൊഴിലാളികളെക്കൊണ്ട് നിറഞ്ഞ് സൂചികുത്താനിടമില്ലാത്ത വിധമാണ് പുറപ്പെടുന്നത്.  പലർക്കും വാക്‌സിനേഷൻ ലഭിച്ചിട്ടില്ല. അകലം സംബന്ധിച്ച മാനദണ്ഡങ്ങളൊന്നും ഈ തിരക്കിൽ പാലിക്കപ്പെടുന്നുമില്ല. ഇവർ ചെല്ലുന്ന ഇടങ്ങളിലും കോവിഡ് വ്യാപനത്തിനുള്ള സാധ്യതയാണ് ഇത്തരത്തിലുള്ള യാത്ര കൊണ്ടുണ്ടാകുന്നതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.കോവിഡ് കേസുകളിൽ കുത്തനെ വർധനയുണ്ടായതിനെത്തുടർന്ന് സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പ്രാബല്യത്തിലുണ്ട്. 

മറ്റു ദിവസങ്ങളിൽ അവശ്യസേവനങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമുണ്ട്.ഞങ്ങൾ ഉത്തർപ്രദേശിലെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോകുന്നു. ‘‘ഇപ്പോൾ മുംബൈയിൽ നിശാ കർഫ്യു നിലവിലുണ്ട്. ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. മുൻപത്തെ ലോക്ഡൗണിലേതു പോലുള്ള കുഴപ്പങ്ങൾ ഒഴിവാക്കാൻ, ഞങ്ങൾ നേരത്തെ ഞങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. ഇനി എപ്പോൾ ഇവിടെ തിരിച്ചെത്തും എന്ന് ഉറപ്പില്ല'' -കുർള സ്റ്റേഷനിൽ കണ്ട ഒരു അതിഥി തൊഴിലാളി പറഞ്ഞു.മറ്റൊരു അതിഥി തൊഴിലാളി പറഞ്ഞതിങ്ങനെ: ''ഈ ട്രെയിൻ ഗോരഖ്പുരിലേക്ക് പോകും. കോവിഡ് കേസുകൾ ഇവിടെ ഉയരുന്നതിനാൽ ഞങ്ങൾ നഗരം വിടുകയാണ്'

പരിഭ്രാന്തി അകറ്റണം: സഞ്ജയ് നിരുപം

അതിഥിതൊഴിലാളികളുടെ പരിഭ്രാന്തി അകറ്റണമെന്ന്  അവർക്കിടയിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം അധികാരികളോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകൾ വർധിച്ചുവരുന്നത് കാരണം സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് അതിഥിതൊഴിലാളികളിൽ പലരും ഭയപ്പെടുന്നു. 

എന്നിരുന്നാലും, സംസ്ഥാന സർക്കാരിന് അത്തരം ആലോചനയില്ല. ബിസിനസുകളോ ചെറുകിട വ്യവസായങ്ങളോ തകരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഇത് അതിഥിതൊഴിലാളികളെ ബോധ്യപ്പെടുത്താൻ നമുക്കാവണം. പലായനം ചെയ്യുന്നവരിൽ  പലരും കോവിഡ് പരിശോധന  പോലും നടത്തിയിട്ടില്ല, നിയമവിരുദ്ധമായി ട്രെയിനിൽ കയറിപ്പറ്റിയവരാണ് കൂടുതലും.  കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കാതെ അവരിലാർക്കും നമ്മുടെ സംസ്ഥാനത്തേക്ക് മടങ്ങാനാവില്ലെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ-നിരുപം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com