ADVERTISEMENT

മുംബൈ ∙ അടിയന്തര സാഹചര്യങ്ങളിൽ പൊലീസിന്റെ സഹായം തേടിയാൽ ഇനി പതിവിലും വേഗത്തിൽ പാഞ്ഞെത്തും. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഉപയോഗിച്ചുള്ള പുതിയ ഹെൽപ്‍ ലൈൻ നമ്പറായ 112 ഉടൻ സംസ്ഥാന വ്യാപകമായി പ്രവർത്തനം ആരംഭിക്കും. നിലവിലുള്ളതിലും 10-15 മിനിറ്റെങ്കിലും നേരത്തെ പൊലീസിന്റെ സഹായം എത്താൻ ‘ഡയൽ 112’ സംവിധാനം ഉപകരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീൽ അറിയിച്ചു.

കുറ്റകൃത്യം നടന്നാൽ നിർണായകമാണ് ഈ 15 മിനിറ്റെന്നും  പുതിയ നടപടി അന്വേഷണത്തിലും രക്ഷാപ്രവർത്തനത്തിലും ഏറെ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 45 പൊലീസ് കമ്മിഷണറേറ്റുകളിലും ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങളോടെയുള്ള കൺട്രോൾ റൂമുകളും തുറക്കും.

മഹാരാഷ്ട്ര പൊലീസിന്റെ 1502 ജീപ്പുകളിലും 2269 ഇരുചക്രവാഹനങ്ങളിലും മൊബൈൽ ഡേറ്റാ ടെർമിനലും ജിപിഎസ് സംവിധാനവും ഒരുക്കുന്നതോടെ വിവര കൈമാറ്റവും ഇടപെടലും വേഗത്തിലാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിൽ 850 ജീപ്പുകളിലും 1275 ബൈക്കുകളിലും  സാങ്കേതികവിദ്യ  ഉപയോഗിച്ചു തുടങ്ങിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. അതിവേഗത്തിൽ ഇടപെടൽ നടത്താനുള്ള സാങ്കേതിക വിദ്യകളിൽ സംസ്ഥാനത്ത് 15,000 പൊലീസുകാർക്കു പരിശീലനം നൽകും.

∙ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഹെൽപ് ലൈൻ സംവിധാനമാണ് ഡയൽ 112

∙ ഏതു പ്രദേശത്തു നിന്നാണോ കൺട്രോൾ റൂമിൽ കോൾ ലഭിക്കുന്നത്, അതിനു തൊട്ടടുത്തുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറി,  സഹായം തേടിയ ആളുടെ പക്കൽ ഉടൻ പൊലീസ് വാഹനം  എത്തും വിധമാണ് പ്രവർത്തനം. ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണിത്.

∙ മൊബൈൽ ആപ്ലിക്കേഷൻ, എസ്എംഎസ്, ഇ-മെയിൽ, ചാറ്റ് വഴിയും പൊലീസിന്റെ 112 ഹെൽപ്‌ലൈനിൽ ബന്ധപ്പെടാൻ സൗകര്യമുണ്ട്.

∙ നവിമുംബൈ, നാഗ്പുർ എന്നിവിടങ്ങളിലാണ് പദ്ധതിക്കായുള്ള പ്രധാന കൺട്രോൾ റൂമുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com