ADVERTISEMENT

മുംബൈ∙ വീണ്ടും തിയറ്ററിൽ സിനിമ കാഴ്ചകളുടെ കാലം. 6 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സിനിമ തിയറ്ററുകളും മൾട്ടിപ്ലക്സുകളും ഇന്നു മുതൽ വീണ്ടും തുറക്കും. ആദ്യ തരംഗത്തെ തുടർന്നു പ്രദർശനം നിർത്തിവച്ചതിനു ശേഷം വർഷാവസാനത്തോടെ പുനരാരംഭിച്ചെങ്കിലും ഏപ്രിലിൽ കോവിഡ് രണ്ടാം തരംഗം എത്തിയതോടെ വീണ്ടും അടച്ചു. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് തിയറ്ററുകൾ വീണ്ടും തുറക്കുന്നതിനുള്ള മാർഗരേഖകൾ പുറത്തിറക്കിയത്. തിയറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും മൊത്തം ശേഷിയുടെ 50% ആളുകളെ പ്രവേശിപ്പിക്കാം. 

തിയറ്റർ അനുഭവം ഒരിക്കലും പഴയ പോലെയാവില്ല. സിനിമയിലെ വില്ലനേക്കാൾ വലിയ ഭീകരനെ സൂക്ഷിക്കേണ്ടതിനാൽ മാസ്ക് ധരിച്ചും അകലം പാലിച്ചും വേണം സിനിമ കാണാൻ. ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കേണ്ടിയും വരും. സിനിമ കാണാൻ  പോകുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റും കയ്യിൽ കരുതണം. വാക്സീൻ എടുക്കാത്തവർക്കും പ്രവേശനം അനുവദിക്കുമെങ്കിലും ആരോഗ്യ സേതു ആപ്പിൽ സേഫ് സ്റ്റാറ്റസ് കാണിക്കേണ്ടതുണ്ട്.

ഐനോക്സ്, പിവിആർ,  മൂവി ടൈം തുടങ്ങിയവ പ്രേക്ഷകരെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ബുക്ക് മൈ ഷോ പോലുള്ള ആപ്പുകളും നേരത്തെ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ വഴി മൊബൈലിലും ടിവിയിലും സിനിമ കണ്ടു കോവിഡ് കാലം കഴിച്ചു കൂട്ടിയ സിനിമ പ്രേമികളെ 2ഡി, 3 ഡി, ഐമാക്സ് 3ഡി, 4ഡിഎക്സ് ത്രീഡി, എംഎക്സ് 4ഡി തുടങ്ങിയ വ്യത്യസ്തമായ സിനിമ അനുഭവങ്ങൾ ആണു തിയറ്ററിൽ കാത്തിരിക്കുന്നത്. കുടുംബത്തിനും കൂട്ടുകാർക്കുമൊത്ത് സിനിമ കാണാൻ തിയറ്റർ തന്നെ വേണം എന്നു കരുതുന്നവരേറെ. 

ജനം തിയറ്ററിൽ ഇരച്ചു കയറും

കോവിഡ് ഒരുവിധം ഒതുങ്ങിയ സ്ഥിതിക്ക്‌ തിയറ്ററുകൾ  തുറക്കാൻ പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇനിയങ്ങോട്ടുള്ള കാലം ജനം ഓൺ ലൈനിൽ മാത്രമേ സിനിമ കാണുകയുള്ളൂ എന്നാണ് കോവിഡ് കാലത്ത് വീട്ടിലിരിപ്പായ പലരും പറഞ്ഞിരുന്നത്. തിയറ്ററുകളുടെ കാലം കഴിഞ്ഞു എന്നും പറഞ്ഞവരുണ്ട്. പക്ഷേ അതെല്ലാം  തെറ്റിദ്ധാരണകൾ മാത്രമാണെന്നാണ് അഭിപ്രായം. ഇനിയും ജനങ്ങൾ തിയറ്ററിൽ ഇരച്ചു കയറും. പ്രത്യേകിച്ചും തിയറ്ററിൽ ഇരുന്ന് കാണുന്ന ഒരു ഫീൽ പലപ്പോഴും വീട്ടിൽ ഇരുന്നു കഴിഞ്ഞ ഒന്നര വർഷം ഓൺ ലൈനിൽ  കണ്ടപ്പോൾ എനിക്ക് തോന്നിയിട്ടില്ല.

∙ വി.ജി. ഹണി, താനെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com