ADVERTISEMENT

മുംബൈ∙ ദക്ഷിണ മുംബൈയിൽ പരേലിനു സമീപം കറി റോഡിൽ 60 നില പാർപ്പിട സമുച്ചയത്തിലെ അഗ്നിബാധയിൽ സുരക്ഷാ ജീവനക്കാരൻ അരുൺ തിവാരിക്ക് (30) ദാരുണാന്ത്യം. 19, 20 നിലകളിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ കയറിയ തിവാരി തീ പടർന്നതിനെ തുടർന്ന് 19-ാം നിലയിൽ കുടുങ്ങുകയായിരുന്നു. ബാൽക്കണിയിൽ തൂങ്ങി നിന്നെങ്കിലും പിടിവിട്ടു താഴെ വീണു. ഉടൻ കെ‌ഇ‌എം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

അവിഘ്ന പാർക്ക് ടവർ കെട്ടിടത്തിന്റെ 19-ാം നിലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പടർന്നത്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും പെട്ടെന്നു കെട്ടിടം ഒഴിഞ്ഞു. പുറത്തു കടക്കാനാവാതെ കുടുങ്ങിയ 26 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. 

തീപിടിത്തത്തെ തുടർന്ന് കറി റോഡ് പാലത്തിലെ ഗതാഗതം നിർത്തിവച്ചു. പ്രദേശത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.  മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ, ബിഎംസി കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ എന്നിവർ സ്ഥലത്തെത്തി. ബിഎംസി കമ്മിഷണർ  അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം, ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. 14 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീ കെടുത്തിയത്. കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ ഈ മാസം ഒന്നിനു മോക്ക് ഡ്രിൽ നടത്തിയിരുന്നു,  

ഒരിടത്ത് ധാരാവി; മറുവശത്ത് മാനം മുട്ടെ കെട്ടിടങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന നഗരത്തിൽ തന്നെയാണ് മാനം മുട്ടുന്ന കെട്ടിടങ്ങൾ. നഗരത്തിലെ ജനസാന്ദ്രത മൂലം സുരക്ഷ നോക്കാതെ പാർപ്പിട സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട പഴയ മില്ലുകളുടെ സ്ഥാനത്ത് ഇപ്പോൾ ബഹുനിലകെട്ടിടങ്ങളാണ്. വാസയോഗ്യമല്ലെന്ന് സർക്കാർ പ്രഖ്യാപിച്ച ജീർണിച്ച കെട്ടിടങ്ങളിൽ പോലും ആളുകൾ തുടരുന്നു. കെട്ടിട തകർച്ച, അഗ്നിബാധ തുടങ്ങിയവ ഇടയ്ക്കിടെ ആവർത്തിക്കുന്നു.

അഗ്നി സുരക്ഷാ ചട്ടങ്ങൾക്ക് പരിഗണന നൽകാത്തതിനാൽ ദുരന്തങ്ങൾ പതിവാണ്. കഴിഞ്ഞ മാർച്ചിൽ  ഭാണ്ഡൂപ്പിലെ ഡ്രീംസ് മാൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന  സൺറൈസ് കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 11  രോഗികൾ മരിച്ചതാണ് ഈ വർഷം നടന്ന ദാരുണമായ സംഭവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com