ADVERTISEMENT

മുംബൈ ∙ ആര്യൻ ഖാൻ കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവി യുപി തലസ്ഥാനമായ ലക്നൗവിൽ കീഴടങ്ങിയേക്കും. കേസ് ഒത്തുതീർപ്പാക്കാൻ  ഷാറുഖ് കുടുംബത്തോട് 25 കോടി രൂപ ആവശ്യപ്പെട്ടത് ഗോസാവിയാണെന്നാണ് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സയിൽ ഞായറാഴ്ച ആരോപിച്ചത്. അതിനു പിന്നാലെ, ആരോപണം നിഷേധിച്ച് ഗോസാവി  ഇന്നലെ രംഗത്തെത്തിയിരുന്നു. രാത്രിയാണ് ലക്നൗവിൽ കീഴടങ്ങുമെന്ന് അറിയിച്ചത്. മഹാരാഷ്ട്ര സുരക്ഷിതമല്ലാത്തതിനാലാണ് ലക്നൗവിൽ കീഴടങ്ങാൻ ആലോചിക്കുന്നത്. താൻ ഒരാളിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും തെളിവുണ്ടെങ്കിൽ പ്രഭാകറിനു ഹാജരാക്കാമെന്നും ഗോസാവി പറഞ്ഞു.

ആരോപണം കടുപ്പിച്ച്ന വാബ് മാലിക് 

മുംബൈ ∙ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ നേർക്കുനേർ പോരാട്ടം നയിക്കുന്ന എൻസിപി മന്ത്രി നവാബ് മാലിക് വ്യക്തിപരമായ ആരോപണങ്ങളുമായി ആക്രമണം കടുപ്പിച്ചു. മുസ്‍ലിമായാണ് വാങ്കഡെ ജനിച്ചതെന്നും പിന്നീട് വ്യാജ രേഖകളിലൂടെ സംവരണം ആനുകൂല്യം നേടിയാണ് സർക്കാർ ജോലിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് പുതിയ ആരോപണം. ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പും ട്വീറ്റ് ചെയ്തു.

അതിനു പിന്നാലെ സമീർ വാങ്കഡെയുടെ ആദ്യ ഭാര്യയുടെ ചിത്രം സഹിതമുള്ള വിവരങ്ങളും മന്ത്രി പുറത്തുവിട്ടു. വ്യക്തിപരമായ ആരോപണങ്ങൾ തള്ളിയും പ്രതിഷേധം അറിയിച്ചും സമീർ വാങ്കഡെയും അദ്ദേഹത്തിന്റെ പിതാവും ഇപ്പോഴത്തെ ഭാര്യയയും നടിയുമായ ക്രാന്തി രേദ്കറും രംഗത്തെത്തി.

മുഖ്യമന്ത്രിയെ കണ്ട് ആഭ്യന്തരമന്ത്രി 

ആര്യൻ ഖാൻ കേസിൽ സമീർ വാങ്കഡെയ്ക്കെതിരെ ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദർശിച്ചു ചർച്ച നടത്തി. വിശാദാംശങ്ങൾ ഇരുവരും വെളിപ്പെടുത്തിയില്ല. കേസ് ഒത്തുതീർപ്പാക്കാൻ സമീർ വാങ്കഡെ അടക്കമുള്ളവർ കോടികൾ ആവശ്യപ്പെട്ടെന്ന സാക്ഷി പ്രഭാകർ സയിലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് മഹാ വികാസ് അഘാഡിയിലെ കക്ഷികളായ ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രഭാകർ സയിലിന് പൊലീസ് സുരക്ഷ

സമീർ വാങ്കഡെ കോടികൾ വാങ്ങി ആര്യൻ ഖാന്റെ കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന് പൊലീസ് സംരക്ഷണം നൽകി മഹാരാഷ്ട്ര സർക്കാർ.   ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുംൈബ പൊലീസ് കമ്മിഷണറെയും ക്രൈംബ്രാഞ്ച് മേധാവിയെയും അന്ധേരിക്കടുത്ത് സാക്കിനാക്ക പൊലീസ് ഓഫിസർമാരെയും സന്ദർശിച്ച പ്രഭാകർ നടത്തിയ അഭ്യർഥനയെത്തുടർന്നാണിത്.

അവഹേളിക്കുന്നവരെ തുറന്നുകാട്ടും: റാവുത്ത്

ലഹരിക്കേസിൽ മഹാരാഷ്ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അതിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ തുറന്നു കാട്ടും. കേസിൽ സാക്ഷിയായ കിരൺ ഗോസാവിക്കൊപ്പം ഷാറുഖ് കുടുംബത്തിൽ നിന്നു പണം തട്ടാൻ ശ്രമം നടത്തിയ സംഘത്തിൽ സാം ഡിസൂസ എന്നൊരാളുണ്ട്. മുംബൈയിലെ കുപ്രസിദ്ധനായ കള്ളപ്പണ ഇടപാടുകാരനാണ് സാം എന്നാണു ലഭിക്കുന്ന വിവരം. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായും അയാൾക്ക് അടുത്ത ബന്ധമുണ്ട്. എൻസിപി നേതാവ് നവാബ് മാലിക് ഇതിനകം കുറെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ചെറിയ ഇടവേളയ്ക്കു ശേഷം തനിക്കും കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com