ADVERTISEMENT

മുംബൈ ∙ ദീപാവലിയെ വരവേറ്റു നഗരത്തിലെങ്ങും വർണദീപങ്ങൾ തെളിഞ്ഞതിനിടെ, ആഘോഷത്തിനു ഹരം പകരാൻ ജനം ഹിൽ സ്റ്റേഷനുകളിലേക്കും റിസോർട്ടുകളിലേക്കും ഒഴുകാൻ തുടങ്ങി. നാളെ മുതലാണ് ദീപാവലി ആഘോഷം. ലോക്ഡൗണിൽ നാലു ചുവരിനുള്ളിൽ ചുരുങ്ങിപ്പോയവർക്കിപ്പോൾ ചിറകുകൾ തിരിച്ചുകിട്ടിയ ആഹ്ലാദം. മുംബൈക്കടുത്തുള്ള ഹിൽ സ്റ്റേഷനായ മാഥേരാൻ, പുണെക്കടുത്തുള്ള ലോണാവലാ, പാഞ്ച്ഗണി, മഹാബലേശ്വർ, ബൈക്കുള കാഴ്ച ബംഗ്ലാവ്, സഞ്ജയ് ഗാന്ധി നാഷനൽ പാക്ക്,നഗരത്തിന്റെ പശ്ചിമ ഉത്തര തീരങ്ങളിൽ ആവോളമുള്ള റിസോർട്ടുകൾ എന്നിവിടങ്ങളിൽ ഉല്ലാസയാത്രക്കാരുടെ തിരക്ക് വർധിച്ചു.

ലോക്ഡൗണിന് മുൻപുണ്ടായിരുന്ന തലത്തിലേക്കു ബിസിനസ് ഉയർന്നിട്ടില്ലെങ്കിലും പ്രതീക്ഷയുണ്ടെന്ന് റിസോർട്ട് ഉടമകൾ പറയുന്നു. അതേസമയം, ദീപാവലി പ്രമാണിച്ച് പാൽഘർ ജില്ലയിലെ കടലോരങ്ങളിലെയും മലയോരങ്ങളിലെയും റിസോർട്ടുകൾ ഫുൾ ആണെന്ന് അർണാല റിസോർട്ട് മാനേജർ സി.എം.പണിക്കർ പറയുന്നു. വസായ് മുതൽ ഡഹാണു വരെ പ്രവർത്തിക്കുന്ന നുറുകണക്കിനു റിസോർട്ടുകളിൽ ഒരാഴ്ച വൻ തിരക്കായിരിക്കും.

കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൂട്ടായാണു മിക്കവരും ദീപാവലി ആഘോഷിക്കാൻ എത്തുന്നത്. ഭക്ഷണവും താമസവും നീന്തൽക്കുളങ്ങളും കാനനഭംഗി നിറഞ്ഞതുമായ റിസോർട്ടുകളുമാണ് ഇഷ്ടകേന്ദ്രം. ലോക്ഡൗൺ ഇളവിനു ശേഷമെത്തിയ ദീപാവലിയാണിത്. ഞങ്ങൾക്കു പതിവിൽ ഏറെ സന്ദർശകർ എത്തുന്നു. ഏറെക്കാലത്തിനു ശേഷം മെച്ചപ്പെട്ട ബിസിനസ് ലഭിക്കുന്നതിൽ ഹോട്ടൽ ആൻഡ് റിസോർട്ട് വ്യവസായ മേഖലയിൽ ഉണർവ് പ്രകടമാണെന്നും പണിക്കർ ചൂണ്ടിക്കാട്ടി.

ദീപാവലി കഴിഞ്ഞാലും സീസൺ: മുഹമ്മദ് പടന്ന, ഡീലക്സ് റിസോർട്ട്, മലവ്‍ലി റെയിൽവേ സ്റ്റേഷനു സമീപം, ലോണാവലാ, പുണെ

സന്ദർശകരുടെ വരവ് ഇപ്പോൾ തന്നെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, ദീപാവലി ദിവസങ്ങളിലും അതും കഴിഞ്ഞും തിരക്ക് കൂടാറാണ് പതിവ്. ദീപാവലിക്ക് കുടുംബവീട്ടിലും മറ്റും പോയിട്ട് നേരെയിങ്ങു പോരും. പുണെ, മുംബൈ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും വരുന്നത്. ദമ്പതികൾ മാത്രമായും പല കുടുംബങ്ങൾ കൂട്ടമായും എത്താറുണ്ട്. 'സൈറ്റ് സീയിങ്ങി'നു പുറമേ, കോളികളുടെ ഏക്്വിര ക്ഷേത്രം, വാജു ഗുഹ എന്നിവയാണു മിക്കവരും സന്ദർശിക്കുന്നത്. ബംഗ്ലാവുകളിലാണ് താമസസൗകര്യം നൽകുന്നത്.

വാരാന്ത്യങ്ങളിൽ സന്ദർശകർ കൂടി: സി.കെ.സോമൻ, തൃശൂർ സ്വദേശി, മംഥൻ റിസോർട്ട്, നവാപുർ ബീച്ച്, വിരാർ

ആൾക്കാർ വർധിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചുനാളായി ശനി, ഞായർ ദിവസങ്ങളിലും ആൾക്കാർ എത്തുന്നുണ്ട്. ദീപാവലിക്കായി ഓൺലൈനിൽ പലരും ബുക്ക് ചെയ്യുന്നുണ്ട്. ഞങ്ങളുടെ റിസോർട്ടിൽ ഏറെയും രാവിലെ മുതൽ വൈകിട്ടു വരെ തങ്ങുന്നവരാണ്. ഇവർക്ക് താമസസൗകര്യവും ഭക്ഷണവും നൽകും. 800–1000 പേർക്ക് വരെ തങ്ങാനുള്ള സൗകര്യമുണ്ട്. വെള്ളച്ചാട്ടം, തടാകം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവ റിസോർട്ടിലുണ്ട്. മനോഹരമായ ബീച്ചിനു പുറമേ, കടലിലെ ദ്വീപിൽ 'കില്ല' (കോട്ട)യുമുണ്ട്. ഇവിടേക്കു ബോട്ടിൽ പോകാനാകും.

വിരാറിലെ മംഥൻ റിസോർട്ട്.

ഇനിയും കൂടും, സന്ദർശകർ: ഉസ്മാൻ വടക്കുമ്പാട്, ഹോട്ടൽ അപ്സര, പുണെ–മഹാബലേശ്വർ റോഡ്, പാഞ്ച്ഗണി

ദീപാവലി സന്ദർശകർ വർധിച്ചിട്ടുണ്ട്. ലോക്ഡൗണിന് മുൻപുണ്ടായിരുന്ന അത്രയും ആയിട്ടില്ല. എന്നാൽ, നാളെയും മറ്റന്നാളുമായി ടൂറിസ്റ്റുകൾ വർധിക്കും. നാളെയാണല്ലോ ദീപാവലിയുടെ തുടക്കം. ഹിൽസ്റ്റേഷനായ പാ‍‍ഞ്ച്ഗണി സന്ദർശിക്കാൻ എത്തുന്നവർക്കു പുറമേ, മഹാബലേശ്വർ, ഛത്രപതി ശിവാജിയുടെ പ്രതാപ്ഗഡ് കോട്ട എന്നിവ സന്ദർശിക്കാൻ പോകുന്നവരെല്ലാം ഹോട്ടലിൽ വരാറുണ്ട്. പ്രത്യേകിച്ചും മലയാളികൾ. മുംബൈ, പുണെ, ഗോവ ഭാഗത്തു നിന്നുള്ളവരാണ് സന്ദർശകരി‍ൽ ഏറെയും. പാഞ്ച്ഗണിയിലെ ടേബിൾലാൻഡ് പ്രശസ്തമാണ്. വമ്പൻ അഗ്നിപർവതം പൊട്ടി രൂപം കൊണ്ടതാണിതെന്നു പറയപ്പെടുന്നു. പാഴ്സി പോയന്റ്, സിഡ്നി പോയിന്റ്, ധൂം ദാം തടാകം, കമൽഗഡ് പോർട്ട് എന്നിങ്ങനെ പലതും കാണാനുണ്ട് ഇവിടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com