ADVERTISEMENT

മുംബൈ ∙  കേരള ട്രെയിനുകൾ പുറപ്പെടുന്ന കുർളയിലെ ലോക്മാന്യ തിലക് ടെർമിനസ് (എൽടിടി) വികസിപ്പിക്കുന്നു. പുതുതായി 2 പ്ലാറ്റ്‌ഫോമുകൾ ആണ് എൽടിടിയിൽ നിർമിക്കുന്നത്. നിലവിൽ 5 പ്ലാറ്റ്‌ഫോമുകളുണ്ട്. 6, 7 പ്ലാറ്റ്‌ഫോമുകൾ ആണ് ഇനി വരിക. ഈ മാസം തുടക്കമിട്ട നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ ദീർഘദൂര ട്രെയിനുകൾ ഇവിടെ കൈകാര്യം ചെയ്യാനാകും.

സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്താണ് പുതിയ പ്ലാറ്റ്‌ഫോമുകൾ വരുന്നത്. നഗരത്തിലെ മറ്റു പ്രധാന റെയിൽവേ ടെർമിനസുകളായ സിഎസ്‌എംടിയിലും ദാദറിലും വിപുലീകരണത്തിന് ഇനി ഇടമില്ലാത്തതിനാൽ എൽടിടിയിലാണ് മധ്യറെയിൽവേയുടെ കണ്ണ്. ഇവിടെ ഇനിയും   റെയിൽവേയ്ക്കു ഭൂമി ലഭ്യമാണ്. 2003-2013  കാലയളവിൽ എൽടിടി വലിയ നവീകരണങ്ങൾക്കു വിധേയമായിരുന്നു.

എൽടിടിയിൽ പോഡ് ഹോട്ടൽ തുറക്കുമെന്ന് അടുത്തിടെയാണ്  മധ്യറെയിൽവേ പ്രഖ്യാപിച്ചത്. ടിക്കറ്റ് കൗണ്ടറിന് സമീപമാണ് ഇതു  വരിക. നിലവിൽ മധ്യറെയിൽവേയുടെ സിഎസ്എംടി ടെർമിനസിൽ പോഡ് ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. സിഎസ്എംടിയിലേതിനേക്കാൾ വലിയ പോഡ് ഹോട്ടൽ ആണ് എൽടിടിയിൽ നിർമിക്കുക.  

മലയാളികളുടെ ‘സ്വന്തം’ കുർള

നഗരത്തിൽ നിന്നു കേരളത്തിലേക്കുള്ള  പ്രതിദിന സർവീസ് ആയ നേത്രാവതി,  ഗരീബ് രഥ്, കുർള-കൊച്ചുവേളി, കുർള-എറണാകുളം തുരന്തോ എന്നീ സർവീസുകൾ പുറപ്പെടുന്ന സ്റ്റേഷൻ ആയതിനാൽ എൽടിടിയിലെ ഏതു മാറ്റവും മലയാളികൾക്ക്  ആഹ്ളാദം പകരും.  ഈ ട്രെയിനുകൾക്കായി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും എൽടിടിയിൽ എത്തുന്ന മലയാളികളെ കാണാം.  കുർള ടെർമിനസ് എന്ന പഴയ പേരാണ് പൊതുവേ മലയാളികൾ ഉപയോഗിക്കുക. ഹാർബർ ലൈനിലെ  കുർള, തിലക് നഗർ സ്റ്റേഷനുകൾ ആണ് ഏറ്റവുമടുത്തുള്ള സബേർബൻ സ്റ്റേഷനുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com