ADVERTISEMENT

മുംബൈ ∙ ദക്ഷിണ കൊറിയയിൽ നിന്നുള്ള വനിതാ യുട്യൂബറെ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത രണ്ടു യുവാക്കളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.    ബാന്ദ്രയ്ക്ക് അടുത്ത് ഖാർ റോഡിൽ കഴിഞ്ഞ ദിവസം തൽസമയ ചിത്രീകരണത്തിനിടെ ഹ്യോജിയോങ് പാർക് എന്ന യുട്യൂബർക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

മൊഹ്ബീൻ ചന്ദ് മുഹമ്മദ് ഷെയ്ഖ്, മുഹമ്മദ് നഖീബ് അൻസാരി എന്നിവരാണ് അറസ്റ്റിലായ യുവാക്കൾ. ചൊവ്വാഴ്ച രാത്രി 8ന് വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഇവരെ ഒരാൾ ശല്യപ്പെടുത്തിയത്. പിറകേ നടന്ന് സംസാരിക്കുകയും മുഖത്തോട് ചേർന്ന് വന്നുനിൽക്കുകയുമായിരുന്നു. 

തടയാൻ ശ്രമിച്ചപ്പോൾ കയ്യിൽ കയറിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാനും ചുംബിക്കാനും ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ യുട്യൂബറുടെ തൽസമയ വിഡിയോയിലുണ്ട്. അവിടെനിന്നു മാറി മറ്റൊരിടത്തേക്ക് നീങ്ങിയപ്പോൾ യുവാവ് സുഹൃത്തുമായി ബൈക്കിൽ പിന്നാലെയെത്തി. 

യുവതിയെ ബൈക്കിൽ കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്ത് ശല്യപ്പെടുത്താൻ തുടങ്ങി. ദുരനുഭവത്തെക്കുറിച്ച് യുവതി ട്വിറ്ററിൽ വിഡിയോ സഹിതം പോസ്റ്റ് ചെയ്തതോടെ കുറിപ്പ് ശ്രദ്ധയിൽപെട്ട പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. 19, 21 വയസ്സ് വീതമുള്ള ഇവരെ ബാന്ദ്ര പട്ടേൽ നഗറിൽ നിന്നാണ് പിടികൂടിയത്.

പൊലീസിന്റെ അതിവേഗ നടപടിയിൽ സന്തോഷമെന്ന് യുട്യൂബർ

തന്നെ ശല്യപ്പെടുത്തിയ യുവാക്കൾക്കെതിരെയുള്ള മുംബൈ പൊലീസിന്റെ അതിവേഗ നടപടിയിൽ സന്തോഷമുണ്ടെന്നു ഹ്യോജിയോങ് പാർക് പ്രതികരിച്ചു. ഇത്തരം ദുരനുഭവങ്ങൾ മറ്റു രാജ്യങ്ങളിൽ വച്ചുണ്ടായപ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇന്ത്യയിൽ ഉടൻ പൊലീസ് ഇടപെട്ടെന്നും യുവതി പറഞ്ഞു. മൂന്നാഴ്ചത്തെ മുംബൈ സന്ദർശനമാണ് ഉദേശിച്ചിരുന്നതെന്നും കുറച്ചുദിവസം കൂടി നഗരത്തിൽ തങ്ങുന്ന കാര്യം ആലോചിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com