ADVERTISEMENT

മുംബൈ ∙ വിദർഭയിലേക്ക് വികസനത്തിന്റെ വഴിതുറക്കുന്ന എക്സ്പ്രസ് വേ യാഥാർഥ്യമാകുന്നു.  കർഷക ആത്മഹത്യകളും സാമ്പത്തിക പ്രശ്നങ്ങളും മൂലം പിന്നാക്കാവസ്ഥയിലുളള വിദർഭയെ മുംബൈയുമായി പാത കൂടുതൽ അടുപ്പിക്കും. എക്സ്പ്രസ് വേ കടന്നുപോകുന്ന മേഖലകളിൽ വ്യവസായങ്ങൾ എത്തിച്ചും ടൗൺഷിപ്പുകൾ നിർമിച്ചും പുരോഗതിയിലേക്കു നയിക്കുംവിധമാണു പദ്ധതി.

ആറുവരിപ്പാത, ആകെ 701 കി.മീ 

നാഗ്പുരിൽ നിന്നു മുംബൈയിലേക്കുള്ള എക്സ്പ്രസ് വേ ആദ്യഘട്ടം ഇൗ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നാഗ്പുരിൽ നിന്നു മുംബൈയിലേക്ക് 701 കിലോമീറ്ററിലാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്. ഇതിൽ, നാഗ്പുരിൽ നിന്നു ഷിർഡി വരെയുള്ള 520 കിലോമീറ്ററാണ് ഇപ്പോൾ തുറക്കുന്നത്. ഇരുവശത്തേക്കും മൂന്നുവീതം വരികളുമായി ആകെ ആറുവരിയാണ് പാത. രണ്ടു സർവീസ് റോഡുകളുമുണ്ടാകും.

8 മണിക്കൂറിൽ നാഗ്പുർ എത്താം

നിലവിൽ റോഡ് മാർഗം 16 മണിക്കൂറാണ് മുംബൈയിൽ നിന്നു നാഗ്പുരിലേക്കുള്ള ദൂരം. എക്സ്പ്രസ് വേ പൂർണമായും സജ്ജമായാൽ യാത്രാസമയം 8 മണിക്കൂറായി കുറയും. ഷിർഡിയിൽ നിന്നു മുംബൈയിലേക്കുള്ള, ശേഷിക്കുന്ന പാത അടുത്ത ജൂണിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

പാത ബാൽ താക്കറെയുടെ പേരിൽ

ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി എക്സ്പ്രസ് വേ എന്നാണ് പുതിയ നാഗ്പുർ–മുംബൈ പാതയുടെ പേര്. 2014ൽ ബിജെപി–ശിവസേന സർക്കാർ അധികാരത്തിലെത്തിയപ്പോൾ സജീവമാക്കിയ പദ്ധതിയാണിത്. നാഗ്പുരിൽ നിന്നുള്ള നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, നിതിൻ ഗഡ്കരി എന്നിവരുടെ പ്രത്യേക താൽപര്യം പദ്ധതിക്ക് വേഗം കൂട്ടി.

പാത കടന്നുപോകും 10 ജില്ലകളിലൂടെ 

എക്സ്പ്രസ് വേ 10 ജില്ലകളിലെ 26 താലൂക്കുകളിലെ 392 ഗ്രാമങ്ങളിലൂടെ കടന്നുപോകും. താനെ, അഹമ്മദ്നഗർ, നാസിക്, ജൽന, ബുൽഡാന, വാഷിം, വാർധ വഴി നാഗ്പുരിലേക്ക് എത്തും വിധമാണ് പാത. ആകെ 55,332 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.

അതിവേഗം ബഹുദൂരം

മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് പാത നിർമിച്ചിരിക്കുന്നത്. എന്നാൽ, പരമാവധി വേഗം 120 കിലോമീറ്ററായി സർക്കാർ നിയന്ത്രിച്ചു. മലമേഖലകളിൽ 100 കിലോമീറ്ററാണ് പരമാവധി വേഗം. ഇരുചക്ര, മുചക്ര വാഹനങ്ങൾക്ക് എക്സ്പ്രസ് വേയിൽ അനുമതിയില്ല.

വഴിയോരങ്ങളിൽ വികസനം

എക്സ്പ്രസ് വേ കടന്നുപോകുന്ന മേഖലകളിൽ 19 പട്ടണങ്ങൾ വികസിപ്പിക്കും. പുതിയതായി വികസിപ്പിക്കുന്ന ഇത്തരം മേഖലകളിൽ വ്യവസായ പാർക്കുകളും മറ്റും ഒരുക്കി വ്യവസായവും നിക്ഷേപവും ആകർഷിക്കുന്ന വിധമാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com