ADVERTISEMENT

മുംബൈ ∙ വെസ്റ്റേൺ ലൈൻ മാറ്റത്തിന്റെ പാതയിൽ. പുതിയ ട്രാക്കുകളും പുതിയ ടെർമിനസുമൊക്കെ കൂടുതൽ ലോക്കൽ ട്രെയിൻ സർവീസുകൾക്കു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഒരു കാലത്ത് ‘വിരാർ ലോക്കൽ’ എന്നത് ദുരിത യാത്രയുടെ പര്യായമായിരുന്നുവെങ്കിൽ കാലാനുസൃതമായ മാറ്റങ്ങൾ ഈ ചീത്തപ്പേര് മായ്ക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള മേഖലയിലെ താമസക്കാർക്ക് പ്രതീക്ഷ പകരുന്ന പദ്ധതികളാണ് പുരോഗമിക്കുന്നത്.

ആറാമത്തെ ട്രാക്കിന്റെ ആദ്യഘട്ടം 2023ൽ

ലോക്കൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനാണ് മുൻഗണന. ബോറിവ്‌ലിക്കും മുംബൈ സെൻട്രലിനുമിടയിൽ നിർമാണം പുരോഗമിക്കുന്ന ആറാമത്തെ ട്രാക്കിൽ ഖാറിനും ഗോരേഗാവിനും ഇടയിലുള്ള 12 കിലോമീറ്റർ നീളമുള്ള ആദ്യഘട്ടം അടുത്തവർഷം മാർച്ചോടെ തുറന്നു കൊടുക്കാൻ കഴിയുമെന്ന് പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു. 2025ഓടെ ബോറിവ്‌ലി മുതൽ മുംബൈ മുംബൈ സെൻട്രൽ വരെ ആറാമത്തെ പാത നിലവിൽ വരും. ഇതോടെ ലോക്കൽ ട്രെയിൻ സർവീസുകളുടെ എണ്ണം 20% വരെ വർധിപ്പിക്കാൻ കഴിയും

വിരാർ-ഡഹാണു റോഡ്:2 ട്രാക്കുകൾ കൂടി 

വിരാർ മുതൽ ഡഹാണു റോഡ് വരെയുള്ള പാത ഇപ്പോഴത്തെ രണ്ടു ട്രാക്കിൽ നിന്നു നാലു ട്രാക്കായി മാറ്റുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. സംസ്ഥാന തീരദേശ നിയന്ത്രണ അതോറിറ്റി ഇതിനുള്ള പാരിസ്ഥിതിക അനുമതി നൽകിയതോടെയാണിത്. കഴിഞ്ഞ അതോറിറ്റി യോഗത്തിലാണ് അനുമതിയായത്. റെയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ മുംബൈ റെയിൽവേ വികാസ് കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 2025 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ഇതിന് ശേഷം പാതയിലെ സർവീസുകൾ വർധിപ്പിക്കാനാവും.

അടിസ്ഥാന സൗകര്യങ്ങളും വികസനപാതയിൽ

യാത്രക്കാരുടെ സൗകര്യാർഥം വിവിധ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. നടപ്പാലങ്ങൾ, എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ എന്നിവ വർധിപ്പിച്ചത് യാത്രക്കാർക്ക് സഹായകമാകുന്നു. ട്രാക്കിനു കുറുകെ കടക്കുന്നത് മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും നിലവിലുള്ള പാലങ്ങളിലെ തിരക്ക് കുറയ്ക്കാനും ഈ സംവിധാനങ്ങൾ ഉപകരിക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ ചർച്ച്‌ഗേറ്റിനും ഡഹാണു റോഡിനുമിടയിൽ 12 നടപ്പാലങ്ങളാണ് നിർമിച്ചത്. ഇതോടെ പാതയിലെ ആകെ നടപ്പാലങ്ങളുടെ എണ്ണം 145 ആയി.  വിരാർ, നാലസൊപാര, നായ്ഗാവ്, ഭയന്ദർ, അന്ധേരി, സാന്താക്രൂസ്, ഖാർ റോഡ്, ദാദർ, ഗ്രാന്റ് റോഡ്, മാട്ടുംഗ റോഡ് സ്റ്റേഷനുകളിലാണ് ഈ വർഷം പുതിയ നടപ്പാലങ്ങൾ ലഭിച്ചത്.

എത്തും ഇഷ്ടംപോലെ എസി ലോക്കലുകൾ

എസി ലോക്കൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് പശ്ചിമ റെയിൽവേ ജനറൽ മാനേജർ അശോക് കുമാർ മിശ്ര പറഞ്ഞു. പുതിയ റേക്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡിൽ നിന്ന് അനുമതി വന്നാലുടൻ കൂടുതൽ എസി ലോക്കലുകളെത്തും. എസി ലോക്കൽ ട്രെയിനുകളിലെ ശീതീകരണ ക്രമീകരണങ്ങളെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികൾക്കു പരിഹാരം കാണുമെന്നും മിശ്ര കൂട്ടിച്ചേർത്തു.

ജോഗേശ്വരിയിൽ പുതിയ ടെർമിനസിന് ടെൻഡർ

ജോഗേശ്വരിയിൽ പുതിയ ടെർമിനസ് നിർമിക്കുന്നതിന് പശ്ചിമ റെയിൽവേ ടെൻഡർ ക്ഷണിച്ചു. പദ്ധതിക്കായി റെയിൽവേ ബോർഡ് ഇതിനകം 70 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രാം മന്ദിർ, ജോഗേശ്വരി സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിന്റെ കിഴക്ക് ഭാഗത്തായാണ് ടെർമിനസ് നിലവിൽ വരിക. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ നിന്ന് നിർദിഷ്ട ടെർമിനസിലേക്ക് പ്രവേശിക്കാനാകും. അന്ധേരി- ദഹിസർ മെട്രോ 7, ലോഖണ്ഡ്‌വാല- വിക്രോളി മെട്രോ 6 പാതകളുമായി ടെർമിനസ് ബന്ധിപ്പിക്കും. കൂടുതൽ ദീർഘദൂര ട്രെയിനുകളും ലോക്കൽ സർവീസുകളും തുടങ്ങാനാകുമെന്നതിനാൽ മേഖലയിലെ യാത്രക്കാർക്ക് പുതിയ ടെർമിനസ് ഏറെ ഉപകാരപ്രദമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com