മുംബൈ∙ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിനു സമ്മതിക്കാതെ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയ 22 വയസ്സുള്ള മെഡിക്കൽ വിദ്യാർഥിനിയെ അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവർ ചേർന്നു കൊലപ്പെടുത്തി. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങൾ അരുവിയിൽ ഉപേക്ഷിച്ചു.
മുംബൈയിൽ നിന്ന് 600 കിലോമീറ്റർ അകലെ മറാഠ്‍വാഡ മേഖലയിലെ നാന്ദേഡ് ജില്ലയിലാണ് ദുരഭിമാനക്കൊല. നാന്ദേഡിലെ പിംപ്രി-മഹിപാൽ ഗ്രാമനിവാസി ശുഭാംഗി ജോഗ്ദണ്ട് ആണ് കഴിഞ്ഞ 22ന് കൊല്ലപ്പെട്ടത്. ബിഎച്ച്എംഎസ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനും സഹോദരനും ബന്ധുക്കളും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക കുറ്റത്തിനാണ് കേസെടുത്തത്.