വെസ്റ്റേൺ ലൈനിൽ 6–ാം ട്രാക്ക് ആദ്യഘട്ടം മാർച്ചിൽ ലോക്കൽ ട്രെയിൻ സർവീസ് കൂടും
Mail This Article
മുംബൈ∙ വെസ്റ്റേൺ ലൈനിൽ ലോക്കൽ ട്രെയിൻ സർവീസുകളുടെ എണ്ണം 20% വരെ വർധിപ്പിക്കാൻ സഹായിക്കുന്ന ആറാമത്തെ ട്രാക്കിന്റെ നിർമാണം ദ്രുതഗതിയിൽ. ബോറിവ്‌ലിക്കും മുംബൈ സെൻട്രലിനുമിടയിലെ 30 കിലോമീറ്റർ വരുന്ന ആറാമത്തെ ട്രാക്കിൽ ഖാറിനും ഗോരേഗാവിനും ഇടയിലുള്ള 12 കിലോമീറ്റർ വരുന്ന ആദ്യഘട്ടം മാർച്ചോടെ തുറന്നു കൊടുക്കുകയാണ് ലക്ഷ്യം. 2025 മാർച്ചോടെ മുഴുവൻ പാതയും തുറക്കും. ഖാറിനും ഗോരേഗാവിനും ഇടയിലുള്ള ട്രാക്ക്, സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
അന്ധേരി സ്റ്റേഷനിലെ 9-ാം നമ്പർ പ്ലാറ്റ്ഫോമുമായി ട്രാക്ക് ബന്ധിപ്പിക്കുന്നതിനു 15 ദിവസത്തേക്ക് ഈ പ്ലാറ്റ്ഫോം അടച്ചിട്ടുണ്ട്. പകരം 8-ാം നമ്പർ പ്ലാറ്റ്ഫോം ആണ് 9ൽ വന്നിരുന്ന ട്രെയിനുകൾ ഉപയോഗിക്കുന്നത്.
5,6 ട്രാക്കുകൾ ദീർഘദൂര ട്രെയിനുകൾക്ക്
ആറാം ട്രാക്ക് നിലവിൽ വന്നാൽ ബോറിവ്‌ലിക്കും മുംബൈ സെൻട്രലിനും ഇടയിൽ ദീർഘദൂര ട്രെയിനുകൾക്കു മാത്രമായി 5,6 ട്രാക്കുകൾ നീക്കിവയ്ക്കും. ഇതര ട്രാക്കുകളിൽ നിന്നു ദീർഘദൂര ട്രെയിനുകൾ ഒഴിവാകുന്നത് ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കാൻ സഹായകമാകും. 2008ൽ പദ്ധതി ആവിഷ്‌കരിച്ചപ്പോൾ ഏകദേശം 430 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. നിലവിൽ ഇത് 930 കോടി രൂപയായി ഉയർന്നു.