മുംബൈ ∙ ഓൺലൈനിൽ ഉൽപന്നം വാങ്ങി വഞ്ചിക്കപ്പെട്ടു, ഹോട്ടലിൽ നിന്ന് അന്യായമായി വൻതുക ഇൗടാക്കി, വൈദ്യുതി ബില്ലിൽ കൊള്ള എന്നിവയടക്കം വിവിധ പരാതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർ ജാഗ്രത പുലർത്തിയില്ലെങ്കിൽ സംഗതി പാളും. സമൂഹമാധ്യമത്തിലെ പരാതി പറച്ചിൽക്കാരെയാണ് സൈബർ കുറ്റവാളികൾ ഇപ്പോൾ കൂടുതലായി നോട്ടമിടുന്നത്.
നിങ്ങൾ ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ മറ്റേതെങ്കിലും സമൂഹമാധ്യമത്തിലോ പരാതി ഉന്നയിച്ചാൽ ഏറെ താമസിയാതെ പരാതിപ്പെട്ട വകുപ്പിലെ പ്രതിനിധിയെന്ന മട്ടിൽ തട്ടിപ്പുകാർ രംഗപ്രവേശം ചെയ്യും. ബുദ്ധിമുട്ടുകളും പരാതികളും അനുതാപപൂർവം ചോദിച്ചറിയുന്നതായി നടിക്കുന്ന അവർ ഇതിനിടെ നിങ്ങളുടെ നിർണായക വിവരങ്ങൾ ചോർത്തും.
ഈയിടെ വിലെ പാർലെ നിവാസി എം.എൻ.മീണ തന്റെ ടിക്കറ്റ് കൺഫേം ആയില്ലെന്നു പറഞ്ഞ് ടിക്കറ്റിന്റെ പകർപ്പും സ്വന്തം ഫോൺ നമ്പറും സഹിതം ട്വിറ്ററിലൂടെ ഐആർസിടിസിക്ക് പരാതിപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ ഐആർസിടിസിയുടെ പ്രതിനിധിയായി ചമഞ്ഞ് തട്ടിപ്പുകാരന്റെ ഫോൺ വന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സഹായവാഗ്ദാനം സത്യമെന്നു വിശ്വസിച്ച് ബാങ്ക് വിവരങ്ങളും കൈമാറി. ഉടനെ ടിക്കറ്റ് കൺഫേം ആക്കാമെന്ന് ഉറപ്പും കിട്ടി. എന്നാൽ, നിമിഷങ്ങൾക്കുള്ളിയിൽ മീണയുടെ അക്കൗണ്ടിൽ നിന്ന് 64,011 രൂപ നഷ്ടപ്പെട്ടു.
തുടർന്ന് വിലെ പാർലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഓൺലൈൻ ബിസിനസ് സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പരാതി ഉയർത്തിയാലും തട്ടിപ്പുമായി ‘സഹായി’കൾ എത്തുമെന്നും ജാഗ്രത പുലർത്തണമെന്നും സൈബർ പൊലീസ് വ്യക്തമാക്കി.