ADVERTISEMENT

മുംബൈ ∙ മുംബൈ മെട്രോ 2എ, 7 സർവീസിന്റെ വിജയമറിയാൻ മേഖലയിൽ ലോക്കൽ ട്രെയിനുകളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. ലോക്കൽ ട്രെയിൻ യാത്രയക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അന്ധേരി, ദഹിസർ ലോക്കൽ ട്രെയിൻ സ്റ്റേഷനുകളിൽ 5,18,517 യാത്രക്കാർ ഉണ്ടായിരുന്നത് മെട്രോ വന്ന ശേഷം കാര്യമായി കുറഞ്ഞു. ജനുവരി 20 മുതൽ 26 വരെയുള്ള കണക്കെടുക്കുമ്പോൾ ഇതിൽ നിന്ന് 1,70,679 ആളുകളുടെ കുറവ് ഉണ്ടായി. ജനുവരി 20നാണ് പുതിയ മെട്രോ പാതകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ഓഫിസ് സമയങ്ങളിൽ ലോക്കൽ ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിച്ചതിനൊപ്പം ആളുകൾ കൂടുതൽ യാത്രയ്ക്കു മെട്രോയെ ആശ്രയിച്ച് തുടങ്ങിയതോടെ റോഡുകളിലെ തിരക്കും കുറഞ്ഞിട്ടുണ്ട്. ലിങ്ക് റോഡിലും വെസ്റ്റേൺ എക്സ്പ്രസ് റോഡിലും മെട്രോയുടെ ഗുണം ലഭ്യമാകും. ലോക്കലിലെ തിരക്ക് 10–15% കുറച്ചതിനൊപ്പം വാഹനഗതാഗതത്തിലും 25 ശതമാനത്തോളം കുറവുണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ടാക്സികൾക്ക് തിരിച്ചടി

മെട്രോയെ കൂടുതൽ ആളുകൾ ആശ്രയിച്ച് തുടങ്ങിയതോടെ ടാക്സികളിൽ യാത്രക്കാർ കുറഞ്ഞു. മെട്രോ വന്നതോടെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായെന്നു ടാക്സി ഡ്രൈവർമാർ പറയുന്നു. എന്നാൽ, ഇതോടെ കുറഞ്ഞ ദൂരത്തിലുള്ള ഓട്ടങ്ങൾക്കും ടാക്സികൾ തയാറായി തുടങ്ങിയെന്നു യാത്രക്കാർ പറഞ്ഞു. നേരത്തേ, ചെറിയ ദൂരത്തേക്കു ഓട്ടം വരാൻ പലരും മടിച്ചിരുന്നു. കുറഞ്ഞ ടിക്കറ്റ്, എസി യാത്ര, ഗതാഗതക്കുരുക്കിൽ നിന്നു മോചനം എന്നിവയാണു മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നത്.

മെട്രോ വണ്ണിൽ 18 അധികസർവീസുകൾ 

∙ വെർസോവ– അന്ധേരി– ഘാട്കോപ്പർ മെട്രോ പാതയിൽ ഇന്നലെ മുതൽ കൂടുതൽ സർവീസ് ഏർപ്പെടുത്തിയെന്നു മെട്രോ വൺ അധികൃതർ അറിയിച്ചു. മെട്രോ 2എ, 7 എന്നീ പാതകളിൽ യാത്രക്കാരുടെ തിരക്കു കൂടിയതോടെയാണിത്. അവയിൽ നിന്നുവന്ന് മെട്രോ വണ്ണിൽ ഇറങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണു 18 അധിക സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com