ഭൂഅവകാശത്തിന് വ്യാജരേഖകൾ: ഹൗസിങ് സൊസൈറ്റി ഭാരവാഹികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

local-house
SHARE

മുംബൈ ∙ കെട്ടിടത്തിന്റെ കൺവെയൻസ് ഡീഡ് (ഭൂമിയുടെ അവകാശ രേഖ) ലഭിക്കാൻ വ്യാജരേഖകൾ സമർപ്പിച്ച ഹൗസിങ് സൊസൈറ്റി ഭാരവാഹികളുടെ മുൻകൂർ ജാമ്യാപേക്ഷ താനെ സെഷൻസ് കോടതി തള്ളി. താനെ കോൽബാഡിലെ ജഗ്മാത ഹൗസിങ് സൊസൈറ്റി ഭാരവാഹികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കെട്ടിട നിർമാതാവ് നൽകിയ പരാതിയിലാണ് റബോഡി പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുള്ളത്.

ഡപ്യൂട്ടി റജിസ്ട്രാർ, സബ് റജിസ്ട്രാർ, താനെ മുനിസിപ്പൽ കോർപറേഷന്റെ റവന്യു വിഭാഗം എന്നിവർക്ക് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് ആരോപണം. ബിൽഡിങ് പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ആർക്കിടെക്റ്റുകളുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവ വ്യാജമാണെന്നു കെട്ടിട നിർമാതാവ് അചിത രമേഷ് നൽകിയ പരാതിയിൽ പറയുന്നു. 

 സൊസൈറ്റി ഭാരവാഹികളായ പ്രജ്ഞ മൽബാരി, നരേന്ദ്ര ടിഡ്‌കെ, ജിതേന്ദ്ര കബാഡി, സുവൃത് ബെഡേക്കർ, മധുകർ സൈന്ദനെ, ജയ് സിങ്, ഗിരീഷ് ശുക്ല എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് ഇവർ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചത്.

സമുച്ചയത്തിലെ 60% ഫ്ലാറ്റുകൾ വിറ്റുപോയാൽ ഭൂഅവകാശം ഹൗസിങ് സൊസൈറ്റിക്ക്

പുതിയ പാർപ്പിട സമുച്ചയങ്ങളിലെ 60% ഫ്ലാറ്റുകൾ എങ്കിലും വിറ്റുതീർന്നാൽ ഭൂമിയുടെ അവകാശം കെട്ടിട നിർമാതാവ് ഹൗസിങ് സൊസൈറ്റിക്ക് കൈമാറണം എന്നാണ് നിയമം. കെട്ടിടത്തിന്റെ പുനർനിർമാണ ഘട്ടത്തിൽ ഭൂമിയുടെ അവകാശ രേഖ അഥവാ കൺവെയൻസ് ഡീഡ് ഹൗസിങ് സൊസൈറ്റിക്ക് ആവശ്യമാണ്. കെട്ടിട നിർമാതാവ് യഥാസമയം ഭൂമിയുടെ അവകാശ കൈമാറ്റം നടത്തിയില്ലെങ്കിൽ ഹൗസിങ് സൊസൈറ്റിക്കു ഡപ്യൂട്ടി റജിസ്ട്രാർ, സബ് റജിസ്ട്രാർ, റവന്യു വിഭാഗം എന്നിവരെ ബന്ധപ്പെട്ട രേഖകളുമായി സമീപിച്ച് കൺവെയൻസ് നേടാവുന്നതാണ്. ഇത്തരത്തിൽ കൺവെയൻസ് ഡീഡിനായി അപേക്ഷിച്ചപ്പോൾ വ്യാജ രേഖകൾ സമർപ്പിച്ചെന്നാണ് ജഗ്മാത ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കെതിരെയുള്ള ആരോപണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS