ADVERTISEMENT

മുംബൈ∙ പെട്രോൾ/ഡീസൽ വാഹനങ്ങൾ  ഘട്ടം ഘട്ടമായി  ഒഴിവാക്കി വായു, ശബ്ദ മലിനീകരണം കുറയ്ക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങൾക്കു കേന്ദ്ര ബജറ്റ് പ്രോത്സാഹനം പകരും.  ബജറ്റിൽ പ്രഖ്യാപിച്ച ഇളവുകൾ കാരണം ലിഥിയം അയൺ ബാറ്ററികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും  കംപ്രസ്ഡ് നാചുറൽ ഗ്യാസിന്റെയും(സിഎൻജി) വില കുറയുമെന്നത്  ഇലക്ട്രിക്,സിഎൻജി  വാഹനങ്ങൾ ഉപയോഗിക്കാൻ കൂടുതൽ പേരെ പ്രേരിപ്പിക്കും. സമീപ കാലത്ത് ഒട്ടേറെ പേർ പെട്രോൾ/ഡീസൽ വാഹനങ്ങൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിരുന്നു. 

സിഎൻജി  വാഹനങ്ങൾ  ഉപയോഗിക്കുന്നവരും ധാരാളം. ഇന്ധനച്ചെലവും മലിനീകരണവും കുറവാണ് എന്നതാണ് ആകർഷണ ഘടകം. എംഎസ്ആർടിസി, ബെസ്റ്റ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളും  ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുളള നീക്കത്തിലാണ്. സർക്കാരിന്റെ പക്കലുള്ള പഴയ വാഹനങ്ങളും ആംബുലൻസുകളും മാറ്റി പകരം ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരുന്നതിനു സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള 4,632  വാഹനങ്ങളും ആംബുലൻസുകളും സർക്കാർ അടുത്ത ജൂണിനകം ഒഴിവാക്കും. 

ഈ ഉദ്യമത്തിൽ സംസ്ഥാന സർക്കാരുകളെ സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതുപ്രകാരം സംസ്ഥാനത്തിന് 150 കോടി രൂപ കേന്ദ്രത്തിൽ നിന്നു ലഭിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ വിവേക് ഭീമൻവർ സ്ഥിരീകരിച്ചു. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ വൻ കുതിച്ചുചാട്ടമാണ് മുംബൈ നഗരം കണ്ടത്. 2019ൽ 311 ഇലക്ട്രിക് വാഹനങ്ങൾ ആണ് റജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഇത്  12,594 ആയി ഉയർന്നു.  

സർക്കാർ നൽകുന്ന സബ്‌സിഡികളും നികുതി ഇളവുകളുമാണ് വിൽപന കൂടാനുള്ള പ്രധാന കാരണം. ഹൗസിങ് സൊസൈറ്റി പരിസരത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം എളുപ്പമാക്കിയതും പ്രോത്സാഹനമായി. സർക്കാർ നിർദേശിച്ച  സുരക്ഷാ മാനദണ്ഡങ്ങൾ  പാലിക്കുകയാണെങ്കിൽ അപേക്ഷ നൽകി 7 ദിവസത്തിനുള്ളിൽ ചാർജർ സ്ഥാപിക്കുന്നതിനുള്ള എൻ‌ഒ‌സി ലഭിക്കും.

അടിസ്ഥാന സൗകര്യ വികസനം; 15,000 കോടി വരെ കേന്ദ്ര സഹായം  ലഭിച്ചേക്കും: ഫഡ്നാവിസ്

മുംബൈ∙ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 13,000-15,000 കോടി രൂപ വരെ കേന്ദ്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിനുള്ള വിഹിതത്തെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്‌നാവിസ്. സംസ്ഥാനത്തെ റോഡുകൾക്കായി 1000 കോടി രൂപ, വിദർഭ-മറാഠ്‍വാഡ മേഖലയിലെ ജലസേചന പദ്ധതികൾക്കായി 400 കോടി, പരിസ്ഥിതിയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 600 കോടി, ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 2,000 കോടി, പുണെ മെട്രോയ്ക്ക് 1,206 കോടി, മുംബൈ മെട്രോയ്ക്ക് 500 കോടി, നാഗ്പുർ മെട്രോയ്ക്ക് 118 കോടി, മുംബൈ അർബൻ ട്രാൻസ്പോർട്ട് പദ്ധതിക്ക് 163 കോടി, ഇലക്ട്രിക് വാഹനങ്ങൾക്കായി 215 കോടി എന്നിങ്ങനെ  ലഭിച്ചതായി പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. ബജറ്റിൽ സംസ്ഥാനത്തിന്റെ വിഹിതം തൃപ്തികരമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com