ADVERTISEMENT

മുംബൈ ∙ എംഎസ്ആർടിസി ബസുകളിലെ നിരക്കിളവ് ആഘോഷമാക്കി വനിതകൾ. സ്ത്രീകൾക്ക് യാത്രാനിരക്കിൽ 50% ഇളവ് പ്രാബല്യത്തിൽ വന്ന ഇന്നലെ പ്രായഭേദമന്യേ സ്ത്രീ യാത്രക്കാരുടെ വൻ പ്രവാഹത്തിന് ബസ് സ്റ്റോപ്പുകൾ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 9നു അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. 

എംഎസ്ആർടിസിയുടെ എസി, നോൺ എസി, വോൾവോ ഉൾപ്പെടെ എല്ലാത്തരം ബസുകളിലും ഇളവ് ബാധകമാണ്. ഇളവ് നൽകുന്ന ഇനത്തിൽ എംഎസ്ആർടിസിക്കു  നഷ്ടം വരുന്ന പണം സംസ്ഥാന സർക്കാർ തിരികെ നൽകും.  16,000ത്തിലധികം ബസുകളുള്ള രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സ്ഥാപനങ്ങളിൽ ഒന്നാണ് എംഎസ്ആർടിസി.  

പ്രതിദിനം 65 ലക്ഷത്തിലധികം യാത്രക്കാർ എംഎസ്ആർടിസി ബസുകളിൽ സഞ്ചരിക്കുന്നു. മൊത്തം യാത്രക്കാരിൽ 35-40% പേർ സ്ത്രീകളാണ്. പുതിയ ഇളവിന്റെ പശ്ചാത്തലത്തിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. എംഎസ്ആർടിസി ബസുകൾ സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും വരെ എത്തുന്നതിനാൽ വിനോദയാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കും ഇളവ് ആവേശം പകരും. ട്രാവൽ വ്ലോഗർമാരായ സ്ത്രീകൾക്കും പ്രോത്സാഹനമാകും. 

ഇളവ് മുതിർന്നവർക്കുമുണ്ട്

നിലവിൽ 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്രയും 65നും 75നും ഇടയിൽ പ്രായമുള്ളവർക്ക് ടിക്കറ്റിൽ 50% ഇളവും നൽകുന്നുണ്ട്. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ്  ലൈസൻസ്, വോട്ടേഴ്‌സ് കാർഡ് തുടങ്ങിയ പ്രായം തെളിയിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖ കയ്യിൽ കരുതണമെന്ന് മാത്രം.

ഇനി ഇഷ്ടംപോലെ യാത്രകൾ

‘ലോക്കൽ ട്രെയിനിലെ കൂട്ടുകാരികളുമൊത്ത് ബസിൽ ഉല്ലാസയാത്ര പ്ലാൻ ചെയ്യുന്നുണ്ട്.   ടിക്കറ്റ് നിരക്കിലെ 50% ഇളവ് ഞങ്ങൾക്കു സന്തോഷം പകരുന്ന കാര്യമാണ്. ഇളവ് നൂറു ശതമാനമാക്കിയാൽ കൂടുതൽ സന്തോഷം!’ 

 ∙ നാൻസി ജെഫിൻ,  വസായ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com